വർക്കല: വർക്കല മണ്ഡലത്തിൽ നാളെ നടക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നവകേരള സദസ് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കും.

അന്നേ ദിവസം വൈകിട്ട് മൂന്ന് മുതൽ നിവേദനങ്ങൾ സമർപ്പിക്കുന്നിനായി ഓഡിറ്റോറിയത്തിന് സമീപം ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒരു കൗണ്ടറും വൃദ്ധർക്കുവേണ്ടിയുള്ള രണ്ട് കൗണ്ടറുകളും സ്ത്രീകൾക്കുവേണ്ടിയുള്ള എട്ട് കൗണ്ടറുകളും ഉൾപ്പെടെ ആകെ 23 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുള്ളതായി സംഘാടക സമിതി ചെയർമാൻ വി.ജോയി എം.എൽ.എ അറിയിച്ചു. നിവേദനങ്ങൾ എഴുതി തയ്യാറാക്കാൻ കഴിയാത്തവർക്ക് ഹെല്പ് ഡെസ്‌കിന്റെ സഹായത്തോടെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന പൊതുജനങ്ങളെ വേദിയുടെ മുൻവശത്ത് ഇറക്കിയശേഷം വാഹനങ്ങൾ ശിവഗിരി എസ്.എൻ കോളേജിലും ശിവഗിരി സകൂളുകളിലുമായി സജ്ജീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം. പൊതുജനങ്ങൾക്ക് പ്രസ്‌തുത വേദിയിലെത്തിച്ചേരുന്നതിനും ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൗണ്ടറുകളുടെ പ്രവർത്തനങ്ങൾക്കായും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ട്. ഉദ്ഘാടന വേദിയിൽ വൈകിട്ട് 4 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന സംഗീതപരിപാടി നടക്കും.