നെടുമങ്ങാട് : നഗരത്തിലെ മർമ്മ പ്രധാന ഭാഗങ്ങൾ ഇരുൾ മൂടി കിടക്കുമ്പോഴും,അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച എട്ടു മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നഗരസഭ അനുവാദം നൽകുന്നില്ലെന്ന് പരാതി.ചെറുക്കൂർകോണം,പഴവടി ഗണപതി ക്ഷേത്രം, ഉള്ളിയൂർ, പഴകുറ്റി ജംഗ്ഷൻ,സത്രംമുക്ക് മഹാദേവ ക്ഷേത്രം,പനച്ചമൂട്, കാരാംതല കുരിശടി എന്നിവിടങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭ തടസം പിടിക്കുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.ലൈറ്റ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് എടുത്തെങ്കിലും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കൗൺസിൽ അംഗീകാരം നീട്ടി കൊണ്ടുപോവുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.നഗരസഭയിലെ എൽ.ഡി.എഫ് ഭരണകർത്താക്കൾ വെളിച്ചത്തെ ഭയപ്പെടുന്നവരാണെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി കുറ്റപ്പെടുത്തി.എം.പി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ഉടൻ അനുമതി നൽകുക,ഭരണ സ്തംഭനവും അഴിമതിയും അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 27 ന് നഗരസഭാ മാർച്ച് നടത്താൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.അർജുനൻ അറിയിച്ചു.