തിരുവനന്തപുരം: നവകേരളസദസിനെത്തുന്ന മന്ത്രിസഭയെ സ്വീകരിക്കാൻ ജില്ലയിലെ മണ്ഡലങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്‌ ജില്ലയിലെ 14 മണ്ഡലങ്ങൾ സന്ദർശിച്ച് 23 നാണ് സമാപിക്കുന്നത്.
നവകേരള സദസിന്റെ പ്രചരണാർത്ഥം ഇന്നലെ വർക്കല മണ്ഡലത്തിലെ ഹെലിപാഡിൽ 120 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര നടന്നു. ചെമ്മരുതി പഞ്ചായത്തിലെ നടയറയിൽ വടംവലി മത്സരവും സംഘടിപ്പിച്ചു. നാളെ വൈകിട്ട് 6ന് വർക്കല മണ്ഡലത്തിൽ ജില്ലയിലെ ആദ്യ നവകേരള സദസ് ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ നടക്കും. സദസിന് മുന്നോടിയായി വൈകിട്ട് 4 ന് ലൈവ് ബാൻഡ് ഷോ നടക്കും. 21നു രാവിലെ 9 ന് മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ പങ്കുവയ്ക്കും. 21 ന് രാവിലെ 11ന് തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ് നടക്കും. 3ന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ് മാമം ഗ്രൗണ്ടിലാണ് നടക്കുന്നത്. 4.30ന് വാമനപുരം മണ്ഡലത്തിലെ സദസ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിനു സമീപമുള്ള ഗ്രൗണ്ടിലും നടക്കും.വൈകിട്ട് 6 ന് നഗരസഭാ പാർക്കിംഗ് ഗ്രൗണ്ടിലാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്. 22ന് അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും 23ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുന്നത്.