haji-v-k-muhamed-kunju-ma

വർക്കല: വർക്കല ടൗൺ ജുമാമസ്ജിദിലെ ചീഫ്ഇമാം ചിലക്കൂർ ചുമടുതാങ്ങി ജംഗ്ഷനു സമീപം മൗലാന മൻസിലിൽ ഹാജി വി.കെ.മുഹമ്മദ് കുഞ്ഞു മൗലവി (80) നിര്യാതനായി. 45 വർഷമായി വർക്കല ടൗൺ ജുമാ മസ്ജിദിൽ ചീഫ് ഇമാമായി പ്രവർത്തിച്ചു വരികയായിരുന്നു. ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലും ഇമാമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വർക്കലയിലെ സാമൂഹ്യ സാംസ്കാരിക സദസ്സുകളിൽ സജീവ നിറസാന്നിദ്ധ്യമായിരുന്നു. സൗമ്യനും സ്നേഹസമ്പന്നനുമായ മുഹമ്മദ്കുഞ്ഞു മൗലവിക്ക് ജാതി മത ഭേദങ്ങൾക്കതീതമായി വലിയൊരു സുഹൃത് വലയം ഉണ്ടായിരുന്നു. ഭാര്യ: ളരീമാബീവി. മക്കൾ: പി.എം.മുനീർമൗലവി (വർക്കല)​,​ പി.എം.മനാർ (ദുബായ്)​,​ പി.എം.മുജീബ് (ദുബായ്)​,​ പരേതനായ പി.എം.നജീബ്,​ പി.എം.മുനീറത്ത് (കായംകുളം)​,​ പി.എം.മുബീനത്ത് (കല്ലമ്പലം)​. മരുമക്കൾ: സജീനാബീവി,​ ഷെമി,​ ഷംന,​ മുഹമ്മദ് സാദിഖ് മൗലവി (കായംകുളം ഹമീദിയ ജുമാമസ്ജിദ്)​,​ നജീബ് (മസ്കറ്റ്)​. രാവിലെ വർക്കല ടൗൺ മസ്ജിദിൽ പൊതുദർശനത്തിനും മയ്യത്ത് നമസ്കാരത്തിനും ശേഷം സ്വദേശമായ ഓച്ചിറ കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

ടൗൺമസ്ജിദിൽ പൊതു ദർശനത്തിനു വച്ച ഭൗതികശരീരത്തിൽ ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ,​ പി.ആർ.ഒ ഇ.എം.സോമനാഥൻ,​ അഡ്വ.വി.ജോയി എം.എൽ.എ,​ നഗരസഭ ചെയർമാൻ കെ.എം.ലാജി,​ ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രതിനിധി അബുബക്കർ ഹസ്രത്ത് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ഫോട്ടോ: ഹാജി വി.കെ.മുഹമ്മദ് കുഞ്ഞു മൗലവി