‌തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗർ സ്വദേശി കടച്ചൽ അനി എന്ന അനിൽകുമാറിനെ കോടതി ജീവപര്യന്തം കഠിന തടവിനും 16,17,500 രൂപ പിഴയ്ക്കും ശിക്ഷിച്ചു.വിവിധ വകുപ്പുകളിലായി ഇരുപത്തിയെട്ടര വർഷം അധിക തടവുമുണ്ട്. പിഴയടച്ചില്ലെങ്കിൽ 5വർഷം അധികതടവ് അനുഭവിക്കണം.ഇയാൾക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 15 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷിനെയും സഹോദരൻ രാജഗോപാലാശാരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് മറ്റ് പ്രതികൾക്കെതിരെ വധശ്രമക്കുറ്റമാണ് കോടതി ശരിവച്ചത്. വധശ്രമത്തിന് 10 വർഷം കഠിന തടവും 50,000 പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.ഇതിനു പുറമെ വിവിധ വകുപ്പുകളിലായി പതിനെട്ടര വർഷം കഠിനതടവും 67,500 രൂപ പിഴയുമുണ്ട്.ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹനാണ് പ്രതികളെ ശിക്ഷിച്ചത്.പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനും വധശ്രമത്തിനും പുറമെ അന്യായമായ സംഘം ചേരൽ, മാരക ആയുധവുമായുള്ള ലഹള,അതിക്രമിച്ചു കയറൽ,നാശനഷ്ടം ഉണ്ടാക്കൽ,കുറ്റകൃത്യത്തിൽ കൂട്ട് ഉത്തരവാദിത്വവും പങ്കാളിത്തവും ഉണ്ടാകൽ എന്നീ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. 19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിക്കുന്നതിനു മുമ്പ് മൂന്ന് പ്രതികളും സംഭവത്തിൽ പരിക്കേറ്റ രാജഗോപാലൻ ആശാരിയും മരിച്ചിരുന്നു.19 വർഷത്തിനു ശേഷമാണ് വിചാരണ നടന്നത്.അനിക്ക് പുറമെ കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ സ്വദേശി ഉപ്പ് സുനി എന്ന സുനിൽകുമാർ, സഹോദരൻ അനിൽകുമാർ,തോപ്പുവിളാകം സ്വദേശി മനോജ്,കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ സന്തോഷ് എന്ന പ്രതീഷ്,ഗോവർദ്ധൻ എന്ന സതീഷ് കുമാർ, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്,കളിപ്പാൻകുളം ഉണ്ണി എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. പിഴത്തുക കൊല്ലപ്പെട്ട അയ്യപ്പനാശിയുടെ ആശ്രിതർക്കും പരിക്കേറ്റ സതീഷ്, രാജേഷ്, പരേതനായ രാജഗോപാൽ ആശാരിയുടെ ആശ്രിതർ എന്നിവർക്കും നൽകണം. കൂടുതൽ നഷ്ടപരിഹാരം ഇരകൾക്കായുളള സർക്കാർ ധനസഹായ നിധിയിൽ നിന്ന് നൽകാനും നിർദ്ദേശമുണ്ട്. കേസിലെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത അന്നത്തെ ഫോർട്ട് എ.എസ്.ഐ ശ്രീധരൻ നായർ, രാജഗോപാൽ ആശാരിയുടെ ഉറ്റ സുഹൃത്തും കേസിലെ ദൃക് സാക്ഷിയുമായ ആർ.എസ്.എസ് പ്രവർത്തകൻ ഓട്ടോ ഡ്രൈവർ അയ്യപ്പൻ എന്നിവർ വിചാരണ വേളയിൽ കൂറുമാറിയിരുന്നു.