നെടുമങ്ങാട് : നവകേരള സദസ് നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ 21ന് വൈകിട്ട് 5 ന് നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായും ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, ആർ.ഡി.ഒ കെ.പി ജയകുമാർ, തഹസിൽദാർ ജെ.അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടാണ് വേദി. പരാതികൾ സ്വീകരിക്കുന്നതിന് 15 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തും. പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.ഇതിനു മുന്നോടിയായി തേക്കിൻകാട് ബാൻഡിന്റെ മ്യുസിക് ഫ്യുഷൻ നടക്കും. വിളംബരമറിയിച്ച് നെടുമങ്ങാട് സൂര്യ,റാണി, പോത്തൻകോട് എച്ച്.കെ സിനിമാസ് എന്നീ തിയേറ്ററുകളിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.കവി അയ്യപ്പൻ വീഥിയിൽ നടൻ കിഷോറിന്റെ നേതൃത്വത്തിൽ 21 വരെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നഗരത്തിൽ മിനി മാരത്തോൺ നടക്കും.