kerala-police

തിരുവനന്തപുരം: ഗ്രേഡ് എസ്.ഐമാർ റോഡിൽ വാഹനം തടഞ്ഞ് പരിശോധന നടത്തേണ്ടെന്ന് പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. മോട്ടോർ വാഹന നിയമപ്രകാരം കു​റ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും രാജിയാക്കുന്നതിനും ഗ്രേഡ് എസ്.ഐമാരെയും ചുമതലപ്പെടുത്തണമെന്ന് മുൻ പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ആഭ്യന്തര വകുപ്പ് നൽകിയത്. എസ്.ഐയ്ക്കോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ വാഹനം തടഞ്ഞുള്ള പരിശോധനയ്ക്ക് അധികാരമുള്ളൂ.

എസ്.ഐ എന്നാൽ റഗുലർ സബ് ഇൻസ്പെക്ടറാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജോലിയിലെ ഉത്തരവാദിത്തങ്ങൾ ക്രമീകരിക്കാനാണ് ഗ്രേഡ് എസ്.ഐമാർക്ക്, എസ്.ഐമാരുടെ ചുമതല നൽകിയിട്ടുള്ളത്. ഗ്രേഡ് എസ്.ഐമാർ റഗുലർ എസ്.ഐമാരുടെ വിഭാഗത്തിൽ വരുന്നില്ല. നിരവധി വർഷത്തെ സേവനത്തിന്റെ ഭാഗമായി ലഭിക്കുന്ന ഗ്രേഡ് പദവി എസ്.ഐയ്ക്ക് തുല്യമായ യോഗ്യതയായി കണക്കാക്കാനാവില്ല.