
തിരുവനന്തപുരം: ഹൈസ്കൂൾ അദ്ധ്യാപകർക്ക് തസ്തിക മാറ്റത്തിലൂടെ ഇനി ഹയർസെക്കൻഡറി അദ്ധ്യാപകരാവുക എളുപ്പമാവില്ല.10 വർഷത്തെ ഹൈസ്കൂൾ അദ്ധ്യാപന പരിചയമുള്ളവർക്ക് നൽകിയിരുന്ന മുൻഗണന സർക്കാർ ഒഴിവാക്കിയതിനെ തുടർന്നാണിത്.
ഹയർസെക്കൻഡറി നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷ (സെറ്റ്) പാസായവർക്കാണ് എച്ച്.എസ്.എസ്.ടി., എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികകളിൽ മുൻഗണന നൽകേണ്ടതെന്നും ഇവരുടെ അഭാവത്തിൽ മാത്രം 10 വർഷത്തെ പരിചയമുള്ള ഹൈസ്കൂൾ അദ്ധ്യാപകരെ പരിഗണിച്ചാൽ മതിയെന്നുമാണ് പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഉത്തരവ്.
ഹയർസെക്കൻഡറി ആരംഭിച്ചതു മുതൽ നിശ്ചിതയോഗ്യതയുള്ള അദ്ധ്യാപകർക്ക് തസ്തികമാറ്റത്തിലൂടെ ഹയർസെക്കൻഡറിയിൽ നിയമനം നൽകി വരുന്നുണ്ട്. സെറ്റ് യോഗ്യതയുള്ളവർ കുറവായിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. 2001ലെ ഉത്തരവനുസരിച്ചാണ് ഹൈസ്കൂളിൽ പത്തു വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരെ സെറ്റ് യോഗ്യതയിൽ ഇളവനുവദിച്ച് ഹയർസെക്കൻഡറി നിയമനത്തിനു പരിഗണിക്കാൻ അനുവദിച്ചത് . അദ്ധ്യാപന നിലവാരത്തിൽ ഇടിവുണ്ടായെന്ന പരാതികളെ തുടർന്നാണ് പുതിയ ഉത്തരവ്.
ഹയർസെക്കൻഡറി അദ്ധ്യാപകരുടെ
പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്
തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023- 24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ ലിസ്റ്റ്, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in ൽ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച പരാതി/ ആക്ഷേപങ്ങൾ 24 നു വൈകിട്ട് അഞ്ചിനു മുൻപായി സർക്കുലറിൽ പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
നിയമനം ഉറപ്പാക്കണം: റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ ജീവനക്കാരുടെ അഭാവമുള്ള സാഹചര്യത്തിൽ, കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നും നിയമനം നടത്താൻ നടപടി സ്വീകരിക്കണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ ഭാരവാഹികളായി വൈശാഖ്.വൈ (പ്രസിഡന്റ്), സൂര്യലക്ഷ്മി വി.എ (വൈസ്പ്രസിഡന്റ്), സുബി ബി.എസ്( ജനറൽ സെക്രട്ടറി), പ്രിൻസി പി.കെ(ജോ.സെക്രട്ടറി), രമ്യരാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കേരള സർവകലാശാലാ
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്, എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ്, എം.എ. വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രാഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19, 20, 21 തീയതികളിൽ റീവാല്യുവേഷൻ (ഇ.ജെ പത്ത്) വിഭാഗത്തിലെത്തണം.