
തിരുവനന്തപുരം : കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ 1 കണ്ടെത്തിയത് ഒരാളിൽ മാത്രമാണെന്നും തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള വ്യക്തി ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമായെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൊവിഡ് കേസുകൾ കൂടുതലാണെന്ന നിലയിൽ അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. നവംബർ മുതൽ കൊവിഡ് കേസുകളിൽ ചെറുതായി വർദ്ധനവുണ്ടായതോടെ സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. അതിൽ നിന്നാണ് ജെഎൻ 1 കണ്ടെത്തിയത്.അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെ.എൻ 1 അവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കൊവിഡ് വകഭേദം ഉണ്ടെന്നതിന് തെളിവാണിത്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തിയെന്നതാണ് പ്രത്യേകത.
മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും കൊവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായവരാണ്. രോഗം പടരുന്നുവെന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കൊവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം.
ഐ.സി.യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോയെന്ന് തുടക്കം മുതൽ പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തും.
കൊവിഡ് ജാഗ്രതയ്ക്ക്
കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് കൊവിഡ് ഉപവകഭേദങ്ങൾ മറ്റ് അസുഖങ്ങൾക്കൊപ്പം വ്യാപിക്കുന്നത് ആശങ്കയാണെന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാൻഷ് പന്ത് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. കേരളത്തിലും ചില കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജെഎൻ.1 ഉപവകഭേദം വഴി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കത്തയച്ചത്. ഉത്സവകാലം വരുന്നത് കണക്കിലെടുത്ത് വ്യാപനം തടയാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചു. ഇൻഫ്ലുവൻസയും ഗുരുതരമായ ശ്വാസകോശ രോഗങ്ങളും വ്യാപിക്കുന്നത് നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം. എല്ലാ ജില്ലകളിലും മതിയായ ആർടി-പി.സി.ആർ, ആന്റിജൻ പരിശോധന ഉറപ്പാക്കണം.