governer

തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധവും അതിക്രമവുമുണ്ടാവാനുള്ള സാദ്ധ്യത മുന്നിൽകണ്ട് പഴുതടച്ച സുരക്ഷാകോട്ടയാണ് പൊലീസ് ഉയർത്തുന്നത്. ഇസഡ് പ്ലസ് കാറ്റഗറിയിലെ ഏറ്റവും ഉയർന്ന സന്നാഹമാണ് സജ്ജമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പരിപാടിക്ക് ശേഷം ബംഗളൂരു വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഗവർണർക്ക് വിമാനത്താവളം മുതൽ രാജ്ഭവൻ വരെ വൻ സുരക്ഷ ഒരുക്കി. വഴിയിലുടനീളം ബാരിക്കേഡ് വച്ച് ജനങ്ങളെയും വാഹനങ്ങളെയും തടഞ്ഞു. കയറു കെട്ടി ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ പൊലീസിനെയും പട്രോളിംഗ് സംഘങ്ങളെയും ദ്രുതകർമ്മ വിഭാഗത്തെയും വിന്യസിച്ചു. വാഹനവ്യൂഹത്തിൽ കൂടുതൽ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടുത്തി.

രാജ്ഭവനും സുരക്ഷ കൂട്ടി. കവാടത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. മുൻപ് രാജ്ഭവൻ സുരക്ഷയ്ക്കായി 58 പൊലീസുകാർ മാത്രമായിരുന്നു. രാജ്ഭവനകത്തെ വിവിധ പോസ്റ്റുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തുന്നത്. സന്ദർശക പാസുകൾ തത്കാലം അനുവദിക്കുന്നില്ല. കൂടുതൽ സായുധ സേനയെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷ വേണ്ടെന്ന് കോഴിക്കോട്ട് ആവർത്തിച്ച ഗവർണർ, കേന്ദ്രസേനയെ ആവശ്യപ്പെട്ടേക്കുമെന്ന്സൂചനയുണ്ട്. ബംഗാൾ ഗവർണറും മലയാളിയുമായ സി.വി.ആനന്ദബോസിന്റെ സുരക്ഷ കേന്ദ്രസേനയായ സി.ആർ.പി.എഫിനാണ്.

പൊലീസിന്റെ അഭ്യർത്ഥനയുടെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. പുതിയ ക്ഷണം സ്വീകരിച്ചിട്ടുമില്ല. സ്വകാര്യ ആവശ്യങ്ങൾക്കായി ഇന്നും ഗവർണർ പുറത്തിറങ്ങുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ മൂന്നിടത്ത് തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഗവർണറെ രാജ്ഭവനിലെത്തി കണ്ടേക്കും.