
തിരുവനന്തപുരം: നഗരസഭ സ്വയം തൊഴിൽ സഹായ സംഘങ്ങൾക്ക് നൽകുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ ആസൂത്രക അറസ്റ്റിൽ.കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റിമുക്ക് അശ്വതി ഭവനിൽ സിന്ധുവിനെയാണ് (53) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സംരംഭം തുടങ്ങാൻ സംഘാടക സമിതിയുണ്ടാക്കിയതും രേഖകൾ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നൽകിയതും സിന്ധുവാണെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. ഇവർ നഗരസഭ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലും അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് പട്ടികജാതിക്കാരുടെ ആനുകൂല്യം വ്യാജരേഖ ചമച്ച് തട്ടിയതിനാണ് എസ്.സി പ്രൊമോട്ടറായിരുന്ന സിന്ധുവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുരിക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസിൽ ഇനി ഇന്ത്യൻ ബാങ്ക് ഈഞ്ചയ്ക്കൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ സിന്ധു 15 ലക്ഷം രൂപയാണ് പലരിൽ നിന്നായി തട്ടിയെടുത്തത്. 28 പേരിൽ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേർന്ന് തട്ടിയെടുത്തത്.
സ്വയം തൊഴിൽ സംരംഭങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപ്പറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം.നാലുപേർ ചേർന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളാണുണ്ടായിരുന്നത്. ബാങ്കിലേക്ക് സംരംഭകർ രേഖകൾ സമർപ്പിക്കുമ്പോൾ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാൽ, സംരംഭകർക്കൊന്നും തുക ലഭിച്ചില്ല. ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.