
തിരുവനന്തപുരം: ഭയപ്പെടുത്തി കേരളത്തെ കാവിവത്കരിക്കാൻ സാധിക്കുമെന്നാണ് ഗവർണർ വിചാരിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗവർണർ ഭരണഘടന സംവിധാനത്തെ തകർക്കുകയാണ്. ആർ.എസ്.എസുമായി ചർച്ച നടത്തിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ക്രിമിനൽ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളായി ഗവർണർ മാറി. കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല. എന്ത് തോന്നിവാസവും പറയുന്ന നിലപാടിലേക്ക് ഗവർണറെത്തി. ആർ.എസ്.എസ് - ബി.ജെ.പി സംവിധാനത്തിന് വേണ്ടിയാണ് ഗവർണർ യൂണിവേഴ്സിറ്റികളിൽ ഇടപെടുന്നത്. ഗവർണറുടെ ഭീഷണി കേരളത്തിൽ ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറോടുള്ള ഭീഷണി ഇവിടെ ചെലവാകില്ല: കെ. സുരേന്ദ്രൻ
സർവകലാശാലകളിൽ എ.കെ.ജി സെന്ററിന്റെ നിയന്ത്രണം അവസാനിപ്പിച്ചതാണ് ഗവർണറോടുള്ള സി.പി.എം അസഹിഷ്ണുതയ്ക്ക് കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെമ്മാടിത്തങ്ങൾ വരച്ച് വയ്ക്കുന്നതല്ല ആവിഷ്കാരസ്വാതന്ത്ര്യം. ഗവർണറെ ക്യാമ്പസിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ എസ്.എഫ്.ഐ നേതാവ് പിടികിട്ടാപ്പുള്ളിയാണ്. ഈ ഭീഷണി ഇവിടെ ചെലവാകില്ല. ബംഗാളിലും ത്രിപുരയിലുമെല്ലാം തീർന്നു. വൈകാതെ കേരളവും നഷ്ടമാകും. എസ്.എഫ്.ഐയുടെ തെമ്മാടിത്തം നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
യു.ഡി.എഫ് ഭരിക്കുമ്പോഴും സർവകലാശാലകളിൽ സി.പി.എം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവർണർമാർ സർവകലാശാലകളിലേക്ക് അയച്ചത്. സി.പി.എം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ, പാർട്ടി ഓഫീസിൽ നിന്നുള്ള നിയമനങ്ങൾ, യോഗ്യതയില്ലാത്ത വൈസ്ചാൻസലർമാരെ നിയമിക്കുന്നത് എല്ലാം നിറുത്തിയത് ഗവർണറാണ്. സർവകലാശാലകളുടെ അധികാരം ചാൻസലർക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറെ ഭീഷണിപ്പെടുത്താനാണ് സി.പി.എം തെരുവുയുദ്ധം നടത്തുന്നത്. എന്നാൽ സി.പി.എമ്മിന് ആളുമാറി. സെനറ്റിലേക്ക് ആളുകളെ ശുപാർശചെയ്യാൻ സി.പി.എം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സർവകലാശാലകൾക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവർണറെ അധിക്ഷേപിക്കുകയാണ്. ഗവർണർ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സർവകലാശാലകളുടേയും ചാൻസലറായ ഗവർണറെ എവിടെയും കാലുകുത്തിക്കില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. ഇതിനെയാണ് മുഖ്യമന്ത്രി ചോദ്യംചെയ്യേണ്ടത്. ഗവർണർക്കെതിരെ തെമ്മാടിത്തരമാണ് എസ്.എഫ്.ഐ നടത്തുന്നത്. മാരാർജി ഭവനിൽനിന്ന് ഒരു ലിസ്റ്റും ആർക്കും കൊടുക്കുന്ന രീതി ബി.ജെ.പിക്കില്ല.
ഭരണഘടനാ സംവിധാനങ്ങളെ ഗവർണർ തകർക്കുന്നു: എ.കെ. ബാലൻ
ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ ആരോപിച്ചു. പൊലീസുകാരുടെ നടുവിൽ നിന്ന് ഗവർണർ എസ്.എഫ്.ഐയെ വെല്ലുവിളിക്കുകയാണ്. എസ്.എഫ്.ഐക്കാർ ഗവർണറെ ആക്രമിക്കില്ല. ഇത് ഒരു പാർട്ടിയുടെയും വാലാട്ടി സംഘടനയല്ല. അതിനെ ഇല്ലാതാക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. ജനാധിപത്യ കേരളത്തിന്റെ പ്രതികരണമാണ് കാണുന്നത്. ഗവർണർ കാണിക്കുന്നത് കോപ്രായങ്ങളാണ്. രാഷ്ട്രപതി ഭരണം പറഞ്ഞ് ആരെയാണ് ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.