
കല്ലമ്പലം:നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ നവകേരള സദസിന്റെ പരിശീലനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചതിൽ നാവായിക്കുളം പഞ്ചായത്ത് ഭരണസമിതിക്കെതിരേയും സെക്രട്ടറിക്കെതിരേയും യു.ഡി.എഫ് പഞ്ചായത്തംഗങ്ങളും കോൺഗ്രസ് നേതാക്കളും പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പഞ്ചായത്തിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരേയും നേതാക്കളേയും കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ് ഉദ്ഘാടനം ചെയ്തു. നാവായിക്കുളം പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് മണിലാൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ. ജിഹാദ്, നാവായിക്കുളം കുടവൂർ മണ്ഡലം പ്രസിഡന്റുമാരായ ജ്യോതിലാൽ, താജുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ ബ്രില്ല്യന്റ് നഹാസ്, നിസാ നിസാർ, കോൺഗ്രസ് നേതാക്കളായ ഗോപാലകൃഷ്ണൻ നായർ, കെ.തമ്പി, ഇർഷാദ്, നാസർ, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.എസ് അരുൺ, വിനോദ് ഷെറിൻ, റോബിൻ, റമീസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ, സീമ ,ലിസി റഫീഖാബീവി ,സുഗന്ധി മഹിളാ കോൺഗ്രസ് നേതാക്കളായ സന്ധ്യ ചിറ്റായിക്കോട്, സന്ധ്യ പൈവേലിക്കോണം, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്
കല്ലമ്പലം: പഞ്ചായത്ത് പ്രവർത്തനം പൂർണമായി നിറുത്തി വച്ച് ഉദ്യോഗസ്ഥർ പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.ഇത്തരം കേട്ടുകേൾവിയില്ലാത്ത ഏകദിപത്യ നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി നാവായിക്കുളം നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.