
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യ ഏറ്റുമുട്ടൽ തുടരുന്ന സർക്കാരിനു മുന്നിലെ അടുത്ത വെല്ലുവിളി ജനുവരിയിൽ നടത്തേണ്ട നയപ്രഖ്യാപനമാണ്. കേന്ദ്രത്തിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ നിറഞ്ഞതായിരിക്കും നയപ്രഖ്യാപനം. ഇത് ഗവർണർ വായിക്കുമോ എന്നതിലാണ് ആശങ്ക.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ നയപ്രഖ്യാപനത്തിലുണ്ടാവുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതും, വി.സി നിയമനങ്ങൾ നടത്താനാവാത്തതുമെല്ലാം ഗവർണർക്കെതിരായും ചൂണ്ടിക്കാട്ടിയേക്കാം. പുതു വർഷത്തെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് സർക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിച്ചു കൊണ്ടാണ്. ഭരണഘടനാ പ്രകാരം നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർക്കു ബാധ്യതയുണ്ട്.
ജനുവരി മദ്ധ്യത്തോടെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും ഒപ്പിടാൻ ഉപാധി വയ്ക്കുകയും ചെയ്ത മുൻകാല ചരിത്രം ആരിഫ് മുഹമ്മദ് ഖാനുണ്ട്. 2022ലായിരുന്നു സംഭവം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഉപാധി. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഏഴര മണിക്കൂർ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരായ വികാരമുൾപ്പെടെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട നയപ്രഖ്യാപനപ്രസംഗം 2020ൽ അതേപടി വായിച്ച ചരിത്രവുമുണ്ട് ഗവർണർക്ക്.
നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. ഭേദഗതിക്ക് നിർദ്ദേശിക്കാനും കഴിയും. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാനാവുമെന്നതിന് മുൻ കാല റൂളിംഗുകളും കീഴ്‌വഴക്കങ്ങളുമുണ്ട്. അച്ചടിച്ച പ്രസംഗത്തിലുള്ള കാര്യം ഗവർണർ വായിക്കാതിരുന്നാലും അതു വായിച്ചതായി നിയമസഭാ രേഖകളിൽ രേഖപ്പെടുത്തും.