തിരുവനന്തപുരം: കോളേജുകളിൽ അസി.പ്രൊഫസർ നിയമനത്തിന് പുതുതായി ചില യോഗ്യതകൾ നിശ്ചയിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കോളേജ് അദ്ധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന് തത്തുല്യമായി ചില സംസ്ഥാനങ്ങളിൽ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (സെൽറ്റ് ) എന്നിവ കേരളത്തിലും അംഗീകരിച്ചായിരുന്നു ഉത്തരവ്. ഈ പരീക്ഷകൾ നിലവിൽ കേരളത്തിൽ നടത്താത്ത സാഹചര്യത്തിലും സെറ്റ് പരീക്ഷയും യു.ജി.സി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാനിടയുള്ളതിനാലും ഉത്തരവ് പിൻവലിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ചില സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമാക്കി നടത്തുന്ന സെറ്റ്/ സെൽറ്റ് പരീക്ഷകൾ അതത് സംസ്ഥാനങ്ങളിലെ കോളേജ് അദ്ധ്യാപക നിയമനങ്ങൾക്ക് യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്. 2018ലെ യു.ജി.സി റഗുലേഷനിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിന്റെ മറവിലാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സെറ്റ്/ സെൽറ്റ് പരീക്ഷകൾ സംസ്ഥാനത്ത് കോളേജുകളിൽ നിയമനത്തിന് യോഗ്യതയാക്കി ഉത്തരവിറക്കിയത്. നെറ്റ് യോഗ്യതയില്ലാത്തവർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/ സെൽറ്റ് യോഗ്യത നേടി വന്നാൽ കേരളത്തിൽ അംഗീകരിക്കേണ്ടി വരുമായിരുന്നു.