1

പൂവാർ: പൂവാറിൽ പ്രകൃതിക്ഷോഭം ശക്തമായതോടെ ഗോൾഡൻ ബീച്ച് റോഡ് കടലെടുത്തു. ഏകദേശം 300 മീറ്ററോളം റോഡ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ബീച്ച് പൂർണമായും ഇല്ലാതായി. പ്രദേശത്തെ വൈദ്യുത ലൈനുകളും തകർന്നു. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൊഴിക്കരയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾ പ്രതിസന്ധിയിലാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാമഴയും, നെയ്യാർ ഡാം തുറന്നതും അതിനെത്തുടർന്ന് നെയ്യാറിലും ബ്രേക്ക് വാട്ടറിലും വെള്ളം പൊങ്ങിയതുമാണ് പ്രശ്നമായത്. സമയോചിതമായി പൊഴി മുറിക്കാൻ കഴിയാതെപോയത് പ്രതിസന്ധിക്ക് കാരണമായതായി നാട്ടുകാർ പറയുന്നു.ബ്രേക്ക് വാട്ടറിൽ നിന്ന് റോഡിനോടു ചേർന്ന് വെള്ളം ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും അധികൃതർ അനാസ്ഥ കാട്ടിയതായി നാട്ടുകാർ പറയുന്നു. രണ്ടുദിവസം മുമ്പ് കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊഴി മുറിച്ചെങ്കിലും കടൽക്ഷോഭം കാരണം അത് മണൽ കൊണ്ട് മൂടിപ്പോയി. പകരം സംവിധാനം ഒരുക്കാൻ അധികൃതർക്കായില്ല.പൂവാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പൊഴി മുറിച്ചെങ്കിലും അതും പ്രയോജനപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്.

നെയ്യാറിൽ ക്രമാതീതമായി വെള്ളം ഉയർന്നാൽ തീരത്ത് ഇത്തരം പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിട്ടിക്കും കളക്ടർ അടക്കമുള്ളവർക്കും നൽകിയിട്ടും പ്രദേശം സന്ദർശിക്കാനോ ഉചിതമായ നടപടികൾ കൈക്കൊള്ളാനോ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ച എം.എൽ.എയും ദുരന്തനിവാരണ അതോറിട്ടിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. ജില്ലാ കളക്ടറുടെ ശ്രദ്ധയിലും പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പൂവാർ ഗ്രാമപഞ്ചായത്തംഗം എസ്.സജയകുമാർ,വി.എസ്.ഷിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.