തിരുവനന്തപുരം: നഗരസഭാ പരിധിയിൽ അനധികൃത നിർമ്മാണവും കൈയേറ്റവുമുണ്ടെന്ന് സമ്മതിക്കുമ്പോഴും പൊളിച്ചുനീക്കാൻ കഴിയില്ലെന്നുള്ള തണുപ്പൻ മട്ടിൽ ഭരണസമിതി. ഈ വർഷം മാത്രം ടൗൺ പ്ലാനിംഗ് സ്ഥിരംസമിതിക്ക് 2368 പരാതി ലഭിച്ചെന്ന് ടൗൺ പ്ളാനിംഗ് അദ്ധ്യക്ഷ ഇന്നലെ നടന്ന കൗൺസിലിൽ സമ്മതിച്ചിട്ടും പരിശോധിക്കുമെന്ന് മാത്രമായിരുന്നു മേയറുടെ മറുപടി.

പാർട്ടി വമ്പന്മാരുടെ കെട്ടിടം പൊളിക്കാൻ നഗരസഭയ്‌ക്ക് മടിയാണെന്നാണ് ആക്ഷേപം. അനധികൃത നിർമ്മാണവും കൈയേറ്റവും ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി. ചെറിയ ഷെഡുകൾ കെട്ടിത്തിരിച്ച് വായനശാലകളും മറ്റും സ്ഥാപിച്ച ശേഷം രാഷ്ട്രീയപാർട്ടികളുടെ പോഷകസംഘടനകൾ ഓഫീസാക്കുമെന്ന് ബി.ജെ.പി അംഗങ്ങൾ ഉദാഹരണസഹിതം പറഞ്ഞു.
സാധാരണക്കാരുടെ വീടുകളുടെ കാര്യത്തിലെടുക്കുന്ന കടുംപിടിത്തം വൻകിട കെട്ടിടങ്ങൾക്ക് ഉണ്ടാകുന്നില്ല. നഗരത്തിലെ പല ഹോട്ടലുകളും ഫ്ളാറ്റുകളും നിർമ്മിച്ചിരിക്കുന്നത് നീർച്ചാലുകളും തോടുകളും നികത്തിയാണ്. ഇങ്ങനെ നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന്റെ കാരണങ്ങളിൽ പ്രധാനമെന്നും കൗൺസിലർമാർ പറഞ്ഞു. അവധി ദിവസങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താനുള്ള സ്‌ക്വാഡ് കാര്യക്ഷമമല്ല. ഉത്സവ സീസണുകളിൽ ഉൾപ്പെടെ വഴിയോരക്കച്ചവടത്തിനായി റോഡരിക് വാടകയ്ക്ക് നൽകുന്ന മാഫിയ നഗരത്തിലുണ്ട്.

നീക്കത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കാൻ സർവകക്ഷി സമിതി വേണം,​പരിശോധനയ്‌ക്കും തുടർ നടപടി ശുപാർശ ചെയ്യാനും ഈ സമിതിയെ നിയോഗിക്കണം,​ പരാതികളുടെ ഫയലുകൾ ഉദ്യോഗസ്ഥർ മാത്രമേ കാണുന്നുള്ളൂ,​ ടൗൺ പ്ലാനിംഗ് സ്ഥിരംസമിതിയിൽ ഇവ ചർച്ച ചെയ്യണം എന്നിവയാണ് കൗൺസിലർമാർ ആവശ്യപ്പെട്ടത്. സ്ഥിരംസമിതി അദ്ധ്യക്ഷ മറുപടി പറഞ്ഞുതുടങ്ങിയതോടെ ചർച്ച തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് കൗൺസിലർമാർ മുന്നോട്ടുവന്നു. സമയം അനുവദിക്കാതെ വന്നതോടെ അവർ ഇറങ്ങിപ്പോയി. ചെറിയ വീടുകളെ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ അദാലത്ത് നടത്തണമെന്ന് ചർച്ചയ്‌ക്കുശേഷം സ്ഥിരംസമിതി അദ്ധ്യക്ഷ സി.എസ്.സുജാദേവി മേയറോട് പറഞ്ഞു. എന്നാൽ അതിനോട് മേയർ യോജിച്ചില്ല. ആ ചോദ്യത്തിന് മറുപടിയും നൽകിയില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പരിഹാര മാർഗങ്ങൾക്കായി റൂർക്കി ഐ.ഐ.ടിയുമായി രണ്ടാംവട്ട ചർച്ച ഈ ആഴ്ച നടക്കുമെന്നും മേയർ പറഞ്ഞു.