തിരുവനന്തപുരം: ഗവർണറുടെ കോലം കത്തിച്ചും കറുത്ത ബാനർ കെട്ടിയും ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാത്രിയിൽ കോഴിക്കോട് നിന്ന് തിരിച്ചെത്തുന്നതിന് മുൻപായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. വൈകിട്ട് 7ഓടെ മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തെ രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.'സംഘി ചാൻസലർ ക്വിറ്റ് കേരള" എന്നെഴുതിയ ബാനർ പ്രവർത്തകർ ബാരിക്കേഡിൽ കെട്ടി. തുടർന്ന് നടന്ന പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ ഉദ്‌ഘാടനം ചെയ്തു. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ജില്ലയിൽ 200 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തുമെന്നും ഷിജുഖാൻ പറഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളോടെ ഗവർണറുടെ കോലം കത്തിച്ചു. സമീപത്തെ മരങ്ങളിൽ ഗവർണർക്കെതിരെയുള്ള ബാനറുകൾ കെട്ടി. ജില്ലാ പ്രസിഡന്റ് വി.അനൂപ്,ട്രഷറർ വി.എസ്.ശ്യാമ എന്നിവർ സംസാരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.