
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ നാല് മുൻ യു.ഡി.എഫ് എം.എൽ.എമാരെ പ്രതി ചേർത്തു. ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് പ്രതി ചേർത്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറി.
ഐ.പി.സി 34 (സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കുക), 341 (തടഞ്ഞുനിറുത്തൽ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് കൈയ്യാങ്കളി ഉണ്ടായത്. എൽ.ഡി.എഫ് എം.എൽ.എയായിരുന്ന ഗീതാ ഗോപിയെ ഒന്നാം പ്രതി ശിവദാസൻ നായർ മന:പൂർവം തള്ളി താഴെയിട്ടെന്നും മറ്റു മൂന്നു പേരും ചേർന്ന് തടഞ്ഞുവച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. വീഴ്ചയിൽ ഗീതാ ഗോപിയുടെ നടുവിനു പരിക്കേറ്റെന്നും എഫ്.ഐ.ആറിലുണ്ട്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
കോൺഗ്രസിന്റെ പൊലീസ്
സ്റ്റേഷൻ മാർച്ച് നാളെ
തിരുവനന്തപുരം: കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ്, സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ കോൺഗ്രസ് ബഹുജന പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന മാർച്ചിൽ അഞ്ച് ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി. 1500 ലധികം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 11നാണ് 564 പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്നത്. മാർച്ച് വിജയിപ്പിക്കാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ വേണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.