തിരുവനന്തപുരം: അരമണിക്കൂർ മുൾമുനയിലായിരുന്നു തലസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ. കണ്ണിമവെട്ടാതെ ഒാരോരുത്തരെയും തറപ്പിച്ചുള്ള നോട്ടം. രാത്രി 8 മുതൽ തന്നെ റോഡിലെല്ലാം പൊലീസുകാരെത്തി. തലസ്ഥാനത്തെ ഡിവിഷനിലുള്ള എല്ലാം എ.സി.പിമാരും നഗരപരിധിയിലെ സ്റ്റേഷനിൽ നിന്ന് സി.ഐമാരും എസ്.ഐമാരും രംഗത്തിറങ്ങി.
സമയം രാത്രി 10. ഗവർണറെത്തുന്ന വിമാനം 20 മിനിട്ടിനുള്ളിൽ ലാൻഡ് ചെയ്യും. ഓൾസെറ്റ്...വയർലെസ് സന്ദേശം വന്നതോടെ പൊലീസ് റോഡിന്റെ നാലുപാടും വളഞ്ഞു. ഐ.ജി സ്‌പർജൻ കുമാർ,കമ്മിഷണർ സി.എച്ച്.നാഗരാജു എന്നിവർ അവസാന വിലയിരുത്തലിനായി വിമാനത്താവളത്തിലേക്ക്...
സമയം രാത്രി 10.10 നിയന്ത്രണം കടുപ്പിച്ച് പൊലീസ്. കാൽനട യാത്രക്കാരെയും പരിശോധിച്ചു.
10.20: ഗവർണർ വിമാനത്താവളത്തിൽ. പൊലീസ് നിയന്ത്രണം വീണ്ടും ശക്തമാക്കി.
10.20: കേരള കൗമുദി സ്ക്വയറിന് മുന്നിൽ സംശയാസ്പദമായ കണ്ട രണ്ട് പേരെ പൊലീസ് പിടികൂടി പേട്ട സ്റ്റേഷനിലെത്തിച്ചു.
രണ്ട് പേരെ പിടികൂടിയെന്ന് വയർലെസിൽ അറിയിച്ചതോടെ കൂടുതൽ പൊലീസ് റോഡിലിറങ്ങി വലയം തീർത്തു.
10.25ന് ഗവർണർ ഇപ്പോൾ പുറപ്പെടുമെന്ന സന്ദേശം. എ.സി.പിമാർ,
എസ്.എച്ച്.ഒമാർ, എസ്.ഐമാർ എന്നിവരുടെ വാഹന പരിശോധന.
10.35ന് ഗവർണർ പുറപ്പെട്ടു...റോഡ് നിശ്ചലം
വിമാനത്താവളം മുതൽ രാജ്ഭവൻ വരെ പൊലീസ് മാത്രം. റോഡിൽ
20 വാഹനങ്ങളുടെ അകമ്പടിയോടെ ഗവർണർ രാജ്ഭവനിലേക്ക്
10.40ന് ഗവർണർ ഓരോ പോയിന്റ് കഴിഞ്ഞപ്പോഴും നെടുവീർപ്പിട്ട്
എസ്.എച്ച്.ഒമാരും എസ്.ഐമാരും പരസ്‌പരം പുഞ്ചിരിച്ചു.
10.43: പാളയം യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുമ്പിൽ എസ്.എഫ്.ഐ പ്രതിഷേധം തടഞ്ഞ് പൊലീസ്.
പ്രതിഷേധക്കാരെ നോക്കി ഗവർണർ. തുടർന്ന് പതിവ് റൂട്ട് മാറ്റി. പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിലും നന്ദൻകോട് ദേവസ്വം ബോർഡ് റോഡ് വഴി അക്കാമ്മ ചെറിയാൻ സ്‌ക്വയർ വഴി രാജ്ഭവനിലേക്ക്...
10.48ന് വൻ പൊലീസ് വലയത്തിന്റെ അകമ്പടിയിൽ ഗവർണർ രാജ്ഭവനിൽ