
ഉദിയൻകുളങ്ങര: അതിർത്തി ഗ്രാമങ്ങൾ കീഴടക്കി ലഹരി മാഫിയ സജീവമാകുമ്പോഴും ഇരുട്ടിൽ തപ്പി എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് വഴി അതിർത്തി പ്രദേശങ്ങളിലെത്തുന്ന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളായ നിരോധിത പുകയില ഉത്പന്നങ്ങൾ, എം.ഡി.എം.എ തുടങ്ങിയവ എത്തിച്ചു നൽകാൻ വൻ ലോബികൾതന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അതിർത്തി മേഖലകളിൽ എത്തിച്ച് സൂക്ഷിക്കുന്ന ലഹരിവസ്തുക്കൾ ഇടനിലക്കാരുടെ ആവശ്യപ്രകാരം രാത്രികാലങ്ങളിലും പൊലീസ്,എക്സൈസ് ഓഫീസർമാർ ഡ്യൂട്ടി മാറുന്ന സമയങ്ങളിലുമായി കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ചെക്ക് പോസ്റ്റുകളിൽ വേണ്ടത്ര പരിശോധനകളില്ലാത്തതും ലഹരി വില്പന സംഘങ്ങൾക്ക് തഴച്ചുവളരാൻ അവസരമുണ്ടാക്കുന്നു. ആഡംബര ബസുകളിൽ അടക്കം എത്തിക്കുന്ന ലഹരി മരുന്നുകൾ ചെറു സംഘങ്ങളായി പിരിഞ്ഞ് ഇരുചക്ര വാഹനത്തിൽ തമിഴ്നാട് അതിർത്തിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് എത്തുന്നതായും സൂചയുണ്ട്. നൂറോളം ബൈക്കുകൾ കടന്നു പോയാൽ ചിലതു മാത്രമേ സംശയത്തിന്റെ പേരിൽ പിടിക്കപ്പെടുന്നുള്ളൂ.
ലഹരി മാഫിയ സംഘം സജീവമായ ധനുവച്ചപുരം പ്രദേശത്ത് കലാലയങ്ങൾ കേന്ദ്രീകരിച്ച് മദ്യ വില്പനയും ലഹരിവസ്തുക്കളുടെ വില്പനയും വിദ്യാർത്ഥികളുടെ ഇടയിൽ വരെ സജീവമാണെന്ന് ആക്ഷേപമുണ്ട്.
കാരോട് ബൈപ്പാസ് ഗതാഗതയോഗ്യമായതോടെ തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ലഹരിക്കടത്ത് സുഗമമായി. ഈ പാതയിൽ പൊലീ, എക്സൈസ് പരിശോധനകളുമുണ്ടാകാറില്ല.
വിദ്യാർത്ഥികളുടെ വേഷത്തിൽ
വിദ്യാർത്ഥികളുടെ വേഷത്തിൽ ബാഗുകളുമായി അതിവേഗത്തിൽ പായുന്ന യുവാക്കളാണ് കാരിയർമാരായി പ്രവർത്തിക്കുന്നതിലേറെയും. അതിർത്തി കടന്നെത്തുന്ന ഇവർ പൊലീസുകാരുടെയും എക്സൈസുകാരുടെയും കണ്ണുവെട്ടിച്ച് കടക്കാൻ നിരവധി റൂട്ടുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. സ്കൂൾ -കോളേജ് വിദ്യാർത്ഥികളാണ് ഇതിന്റെ ഉപഭോക്താക്കൾ. മദ്യത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് ഗുളികകൾ കഞ്ചാവ് ലോബികൾ വഴി വിദ്യാർത്ഥികളിലേക്ക് എത്തുന്നുണ്ട്. പണം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ആദ്യം സൗജന്യമായി ലഹരിമരുന്ന് നൽകുന്നതാണ് കച്ചവടക്കാരുടെ രീതി. അടിമപ്പെട്ടാൽ പിന്നെ കാരിയർമാരാക്കും. കഠിനാദ്ധ്വാനം ഇല്ലാതെ അമിത ലാഭം ലഭിക്കുമെന്നും പണം മുടക്കാതെ ഉപയോഗിക്കാൻ കഞ്ചാവ് ലഭിക്കുമെന്നതും യുജനങ്ങളെ നിർബന്ധിതരാക്കുന്നു.
സാധനം ആവശ്യപ്പെടുന്നിടത്ത്
ബൈക്കിൽ കറങ്ങിനടക്കുന്ന ചില്ലറ വില്പനക്കാർ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നിടത്ത് ലഹരി എത്തിച്ചു കൊടുക്കും. പതിവ് ഉപഭോക്താക്കൾക്ക് വിലക്കുറവിലും സാധനം നൽകുന്നതായി അടുത്തിടെ പിടിയിലായ രണ്ട് യുവാക്കൾ അധികൃതരോട് വ്യക്തമാക്കിയിരുന്നു. അമ്പൂരി, വെള്ളറട കുന്നത്തുകാൽ, പാറശ്ശാല,ചെങ്കൽ ധനുവച്ചപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക കഞ്ചാവ് ലോബികൾ പ്രവർത്തിക്കുന്നത്