തിരുവനന്തപുരം: ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ നിന്ന് 2023ൽ ഏറ്റവുമധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയ നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാനവും. മെട്രോ നഗരങ്ങളിൽ ബംഗളൂരുവും ഡൽഹിയും പതിവുപോലെ മുന്നിലെത്തിയപ്പോൾ ടയർ-2 നഗരങ്ങളിൽ തിരുവനന്തപുരം ഒന്നാംസ്ഥാനത്തെത്തി. എറണാകുളം, പാട്ന,​ലഖ്നൗ,വാരാണസി എന്നീ നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്.

സാരിയാണ് ഇക്കൊല്ലം ഏറ്റവും കൂടുതൽ പേർ വാങ്ങിയ സാധനം. ഡിസൈനർ ഇനങ്ങൾക്ക് പുറമേ സാധാരണ കോട്ടൺ,പ്രിന്റഡ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. പ്രതിദിനം ശരാശരി ഏഴ് മണിക്കൂറാണ് ഓൺലൈൻ ഷോപ്പിംഗിനായി ചെലവഴിച്ച സമയം. 17-34 ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ഷോപ്പിംഗ് ചെയ്യുന്നത്. ചർമ്മസംരക്ഷണ-സൗന്ദര്യവർദ്ധന ഉത്പന്നങ്ങളാണ് മലയാളികൾ തിരഞ്ഞുപിടിച്ചു വാങ്ങുന്ന മറ്റൊരു ഇനം. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇവയുടെ വിറ്റുവരവ് മൂന്നുമടങ്ങ് വർദ്ധിച്ചു. ടെക് സാധനങ്ങൾ,ബേബി പ്രോഡക്ട്സ്,​ആക്ഷൻ ക്യാമറകൾ എന്നിവയുടെ വില്പനയും കൂടിയിട്ടുണ്ട്.

ടെക്കികളുടെ നാട്

ടെക്നോപാർക്കിലെ ജീവനക്കാരാണ് ഓൺലൈൻ ഷോപ്പിംഗിൽ മുൻപന്തിയിൽ. ജീവനക്കാരുടെ സാധനങ്ങളുടെ ഡെലിവറിക്കായി മാത്രം പ്രത്യേക വാഹനമെത്താറുണ്ട്. ക്രിസ്‌മസ് കാലമായതിനാൽ ഇനി ഷോപ്പിംഗ് ഇരട്ടിയാകും.

മെച്ചപ്പെട്ട ഡിജിറ്റൽ കണക്ടിവിറ്റിയാണ് ഓൺലൈൻ

ഷോപ്പിംഗിന്റെ ജനപ്രീതി വർദ്ധിപ്പിച്ചത്.

സെബാസ്റ്റ്യൻ, ഐ.ടി വിദഗ്ദ്ധൻ