
കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം മേഖലയിൽ വ്യാപക നാശം. പുതുശ്ശേരിമുക്ക് പാവല്ല പള്ളിയ്ക്ക് സമീപം തെങ്ങ് കടപുഴകി വൈദ്യുതി ലൈനിൽ കൂടി റോഡിനു കുറുകെ വീണതുമൂലം റോഡ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വാർഡ് മെമ്പർ ഹുസൈൻ വിവരമറിയിച്ചതിനെ തുടർന്ന് കല്ലമ്പലം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റുകയും കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
കരവാരം വില്ലേജ് ഓഫീസിനു മുന്നിലെ കൂറ്റൻ പ്ലാവ് ഒടിഞ്ഞ് ലൈൻ കമ്പിയ്ക്ക് മുകളിലൂടെ വീണ് പോസ്റ്റ് ഒടിഞ്ഞു. സമീപത്തെ സഹകരണ സംഘത്തിലും വില്ലേജ് ഓഫീസിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നിടത്താണ് പ്ലാവ് ഒടിഞ്ഞു വീണത്. സംഭവ സമയം വൈദ്യുതി ഇല്ലാതിരുന്നതിനാലും ആളുകളോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.
സ്വകാര്യ വ്യക്തിയുടെ പ്ലാവ് മുറിച്ചു മാറ്റിയ ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. നാവായിക്കുളം, ഞെക്കാട്, ചേന്നൻകോട്, വടശ്ശേരിക്കോണം, മുത്താന മേഖലകളിൽ വ്യാപക കൃഷിനാശം ഉണ്ടാവുകയും നിരവധിയിടങ്ങളിൽ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു.