k

നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാവണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം. സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്ന ഗവർണർമാരുടെ ഭ‌രണഘടനാപരമായ ഏറ്റവും വലിയ ചുമതലകളിൽ ഒന്നു കൂടിയാണത്. നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം ഗവർണർക്കില്ല. അത് നിയമസഭയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ നിയമം സൃഷ്ടിക്കുന്നു എന്നതാണ്. നിയമസഭ പാസാക്കിയ ബില്ലിൽ സംശയമുണ്ടെങ്കിൽ ഗവർണർക്ക് അത് തിരിച്ചയയ്ക്കാം. എന്നാൽ തിരിച്ചയയ്ക്കാതിരിക്കുകയും, അതേസമയം വച്ചുതാമസിപ്പിക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും ശരിയായ കാര്യമല്ല.

ഗവർണറുടെ കൈയിലിരുന്ന ബില്ലുകൾ അനങ്ങിയത് സർക്കാർ സുപ്രീംകോടതിയിൽ പോയതിനു ശേഷമാണ്. അതോടെ സർക്കാർ - ഗവർണർ പോര് പുതിയ തലത്തിലെത്തി. മുഖ്യമന്ത്രിയെ പേരെടുത്തു പറഞ്ഞ് ഗവർണർ നിശിതമായി വിമർശിക്കുന്നത് ഇപ്പോൾ ഏതാണ്ട് പതിവായിരിക്കുകയാണ്. ഒരിഞ്ചു പിന്മാറാതെ മുഖ്യമന്ത്രിയും തിരിച്ചടിക്കുന്നു. ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന എസ്.എഫ്.ഐ പ്രതിഷേധങ്ങളുടെയും കണ്ണൂരിലെ അക്രമങ്ങളുടെയും പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണറും ആരോപിക്കുന്നു.

ആദ്യമൊക്കെ വാക്‌യുദ്ധത്തിൽ ഒതുങ്ങിനിന്നിരുന്ന ഈ പോര് ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തു വന്നതോടെ തെരുവിലേക്കും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്. നാട്ടുകാർക്ക് സ്വൈര്യമായി യാത്രചെയ്യുന്നതിനു വരെ ഇത് തടസ്സമായിരിക്കുകയാണ്. ഗവർണർക്കും സർക്കാരിനുമിടയിൽക്കിടന്ന് ഏറ്റവും കൂടുതൽ വലയുന്നത് പൊലീസാണ്. ഗവർണറുടെ സുരക്ഷയിൽ വീഴ്‌ചയുണ്ടായാൽ പൊലീസിന്റെ തൊപ്പി തെറിക്കും. എസ്.പിയെക്കൊണ്ടു വരെ പ്രതിഷേധ ബാനർ അഴിപ്പിക്കാൻ ഗവർണർക്കു കഴിയും. അതേസമയം പ്രതിഷേധത്തിൽ നിന്ന് ഒരുപടി പോലും പിന്നാക്കം പോകാൻ എസ്.എഫ്.ഐയും ഒരുക്കമല്ല. യൂത്ത് കോൺഗ്രസുകാരെ നേരിടുന്നതുപോലെ പൊലീസിന് എസ്.എഫ്.ഐയെ നേരിടാനും കഴിയുന്നില്ല.

ഇതിന്റെയെല്ലാം ദേഷ്യം അവർ വാഹനയാത്രക്കാരുടെ മേൽ തീർക്കുന്നു. ഈ മാസം 11ന് തിരുവനന്തപുരത്ത് ഗവർണർക്കെതിരെയുള്ള എസ്.എഫ്.ഐക്കാരുടെ പ്രതിഷേധം അതിരുവിട്ടിരുന്നു. ഗവർണർ റോഡിൽ ഇറങ്ങിനിന്ന് അവരെ വെല്ലുവിളിക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയ സംഘർഷം തെരുവുകളിൽ കൂടിവരികയല്ലാതെ കുറയുന്നില്ല. നവകേരള സദസ് യുക്തിക്കു നിരക്കാത്തതാണ്, കേരളത്തിൽ ഗുണ്ടാരാജാണ് നടക്കുന്നത് എന്നു തുടങ്ങിയ അത്യന്തം പ്രകോപനപരമായ വിമർശനങ്ങളാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത്. നില തെറ്റിയ ഗവർണറെ കേന്ദ്രം കയറൂരിവിടുന്നതായി മുഖ്യമന്ത്രിയും പറയുന്നു.

ഇത് സംസ്ഥാനത്ത് അസ്വസ്ഥജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെ അതൊന്നും കണക്കിലെടുക്കാതെ ഗവർണർ മിഠായിത്തെരുവ് സന്ദർശിച്ച് ജനങ്ങൾ തന്നോടൊപ്പമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. മറ്റൊരു അവസരത്തിലാണ് ഗവർണർ മിഠായിത്തെരുവിൽ ഹൽവ രുചിച്ചതെങ്കിൽ ആർക്കും യാതൊരു അസ്വാഭാവികതയും തോന്നുമായിരുന്നില്ല. എന്നാൽ ഇത്തരം സംഘർഷം നിലനിൽക്കെ ഇതുപോലുള്ള സന്ദർശനങ്ങൾ അപകടകരമാവാൻ ഒരുനിമിഷം മതി. അതിനാൽ ഗവർണറും സർക്കാരും പരസ്യമായുള്ള ഈ പോര് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് സമാധാനം കാംക്ഷിക്കുന്ന നാട്ടുകാർക്ക് നല്ലത്.