p

തിരുവനന്തപുരം: ആറ് ജില്ലകളിൽ ക്രിസ്മസ് ഫെയർ ആരംഭിക്കാനും ശേഷിക്കുന്നിടങ്ങളിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ആവശ്യാനുസരണം സാധനങ്ങളെത്തിക്കാനും തീരുമാനം. ഫെയറുകളിൽ നിലവിലെ സബ്സിഡി വില തുടരും. വിതരണക്കാരുടെ ടെൻ‌ഡറുകൾ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. തുടർന്ന് അടിയന്തരമായി സാധനങ്ങളെത്തിക്കാൻ സപ്ലൈകോ അധികൃതർ വിതരണക്കാരോട് നിർദ്ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലാ കേന്ദ്രങ്ങളിലാണ് ക്രിസ്‌മസ്‌ ഫെയർ ആരംഭിക്കുന്നത്. മറ്രിടങ്ങളിലെ പ്രധാന ഔട്ട്ലെറ്റുകളിൽ 21 മുതൽ സാധനങ്ങളെത്തിക്കുമെന്നാണ് സപ്ലൈകോ പറയുന്നത്.

മുളകുൾപ്പെടെ വിലക്കൂടുതലുള്ളവ അളവ് കുറച്ചായിരിക്കും സബ്‌സിഡി നിരക്കിൽ വിൽക്കുക. ഓണത്തിന് മുളക് ഒരു കിലോഗ്രാമിനു പകരം 250 ഗ്രാമാണ് നൽകിയത്. ഇതേ രീതി ക്രിസ്മസ് ഫെയറുകളിലും പിന്തുടരും. അതേസമയം വിലവർദ്ധനയെക്കുറിച്ച് ജനുവരിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.

 കിട്ടാനുള്ളത് 1500 കോടി
മാവേലി സ്റ്റോറുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക് നൽകിയ ഇനത്തിൽ സർക്കാർ സപ്ലൈകോയ്‌ക്ക് 1500 കോടി രൂപ നൽകാനുണ്ട്. 2016 മുതലുള്ള കുടിശ്ശികയാണ് കിട്ടാനുള്ളത്. ഓരോ മാസവും ഈയിനത്തിൽ മാത്രം 40 കോടിയാണ് സപ്ലൈകോയുടെ ചെലവ്.