
കഴിഞ്ഞയാഴ്ച പാർലമെന്റിൽ സന്ദർശകരായി എത്തിയ രണ്ടു യുവാക്കൾ നടത്തിയ അതിക്രമത്തെച്ചൊല്ലിയുള്ള പ്രതിപക്ഷബഹളം ഇനിയും അവസാനിച്ചിട്ടില്ല. സംഭവത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം ഒരാഴ്ചയായി ഇരുസഭകളിലും നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സം നിൽക്കുകയാണ്. ബഹളമുണ്ടാക്കിയ 14 എം.പിമാരെ സഭയിൽ നിന്ന് കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ചയും ബഹളം തുടർന്ന പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് സർക്കാർ പ്രതിഷേധക്കാരെ നേരിട്ടത്. തിങ്കളാഴ്ച ഇരുസഭകളിലുമായി 78 എം.പിമാരെയും, ഇന്നലെ ലോക്സഭയിലെ 49 പേരെക്കൂടിയും സസ്പെൻഡ് ചെയ്തതോടെ ഈ സമ്മേളനത്തിൽ നടപടിക്കു വിധേയരായവരുടെ സംഖ്യ 141-ൽ എത്തി!
അസാധാരണമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇത്തരത്തിലൊരു കടുത്ത നടപടി മുമ്പും പാർലമെന്റിൽ നടന്നിട്ടുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ അവസാന കാലത്തായിരുന്നു അത്. അന്ന് 94 എം.പിമാർക്കാണ് സഭാ നടപടികൾ തുടർച്ചയായി സ്തംഭിപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടിവന്നത്. ബഹളം തുടരുന്ന പശ്ചാത്തലത്തിൽ സഭയിൽ ശേഷിക്കുന്ന പ്രതിപക്ഷ മെമ്പർമാരിൽ ഇനിയും എത്രപേർ പുറത്തുപോകേണ്ടിവരുമെന്ന് പറയാറായിട്ടില്ല.
ലോക്സഭയിൽ സംഭവിച്ച സുരക്ഷാവീഴ്ച സമാനതകളില്ലാത്തതാണെന്ന് പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, ജനങ്ങളിൽ വലിയൊരു വിഭാഗവും കരുതുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ച് സാധാരണഗതിയിൽ പ്രതിപക്ഷം ആവശ്യപ്പെടാതെ തന്നെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തി പ്രസ്താവന നടത്തേണ്ടതായിരുന്നു. അതിനു മുതിർന്നില്ലെന്നു മാത്രമല്ല, അത്തരമൊരു കാര്യത്തെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് ഭരണപക്ഷം. പാർലമെന്റിൽ അക്രമികൾ കാണിച്ച സാഹസിക നടപടികൾ സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് മറച്ചുവച്ചിട്ടു കാര്യമില്ല. അതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ പ്രസ്താവന ഒഴിവാക്കിയതുകൊണ്ട് സർക്കാരിന് പ്രത്യേകിച്ചു നേട്ടമൊന്നും ഉണ്ടാകാനും പോകുന്നില്ല.
എന്നു മാത്രമല്ല, തങ്ങളുടെ വലിയ വീഴ്ച മറച്ചുപിടിക്കാനുള്ള തന്ത്രമായേ സാമാന്യബുദ്ധിയുള്ളവരെല്ലാം ഇത് വിലയിരുത്തുകയുള്ളൂ. നേരെമറിച്ച് സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ ഉത്തരവാദപ്പെട്ടവരിലാരെങ്കിലും സഭയിൽ അതേപ്പറ്റി പ്രസ്താവന ചെയ്തിരുന്നുവെങ്കിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേനം ഇത്തരത്തിൽ അലങ്കോലപ്പെടുകയില്ലായിരുന്നു. പതിനേഴാം ലോക്സഭ പിരിയാൻ ഇനി കുറച്ചുദിവസങ്ങളേ ശേഷിക്കുന്നുള്ളൂ. സമ്പൂർണ സ്വഭാവത്തിലുള്ള അവസാന സമ്മേളനമാണിത്. അടുത്തവർഷം ആദ്യം ഒരിക്കൽക്കൂടി സഭ സമ്മേളിക്കുമെങ്കിലും വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ച് പാസാക്കുക എന്ന ഒഴിവാക്കാനാകാത്ത ഔദ്യോഗിക നടപടികൾക്കുവേണ്ടിയാകും അത്. ഏപ്രിലിലോ മേയ് ആദ്യമോ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനുവരിയിലെ സമ്മേളനത്തിന് വലിയ പ്രാധാന്യമൊന്നുമില്ല.
പ്രതിപക്ഷ ബഹളം ഉച്ചസ്ഥായിയിൽ നടക്കുമ്പോൾത്തന്നെ സർക്കാർ പതിവുകാര്യങ്ങൾ മുറതെറ്റാതെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ബില്ലവതരണവും ചർച്ച ഒഴിവാക്കി പാസാക്കലുമൊക്കെ തകൃതിയായി നടക്കുന്നു. പ്രതിപക്ഷ നിരകൾ ശൂന്യമായിക്കിടക്കുമ്പോൾ ഇതൊക്കെ വളരെ എളുപ്പമാണ്. എന്നാൽ ജനാധിപത്യ മൂല്യങ്ങളെയും കീഴ്നടപ്പുകളെയും പാടേ ബലികഴിച്ചുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. ജനകീയ പ്രശ്നങ്ങളുമായി എത്രയോ കാര്യങ്ങളാണ് പരിഗണിക്കപ്പെടാതെ പോകുന്നത്. ശൈത്യകാല സമ്മേളനം സുഗമമായി നടത്താൻ പൂർണ പിന്തുണ നൽകിക്കൊണ്ടാണ് പ്രതിപക്ഷം സമ്മേളനം തുടങ്ങിയ ദിവസം മുന്നോട്ടു വന്നത്. എന്നാൽ പതിമൂന്നാം തീയതിയുണ്ടായ ലോക്സഭയിലെ സുരക്ഷാവീഴ്ച എല്ലാം തകിടംമറിക്കുകയായിരുന്നു. സഭാനടപടികൾ തുടർച്ചയായി തടസപ്പെടാൻ അവസരം സൃഷ്ടിച്ചത് സർക്കാർ തന്നെയാണ്. പിടിവാശിയാണ് ഇതിനെല്ലാം കാരണം.