loan

തിരുവനന്തപുരം:സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലെത്തിയ കേരളത്തിന് വലിയ അനുഗ്രഹമാകുമായിരുന്ന കാപ്പക്സ് വായ്പയും വെട്ടി കേന്ദ്രം. ഇതോടെ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വികസന പദ്ധതികൾക്ക് സഹായം കിട്ടാത്ത സ്ഥിതിയാകും. അൻപത് വർഷം കഴിഞ്ഞ് മാത്രം തിരിച്ചടയ്‌ക്കേണ്ട പലിശയില്ലാ വായ്പയാണ് നഷ്ടമായത്.

നടപ്പ് സാമ്പത്തിക വർഷം 1.3ലക്ഷം കോടി രൂപയാണ് കാപ്പക്സ് വായ്പയായി കേന്ദ്രം വിതരണം ചെയ്തത്. കേരളവും ആന്ധ്രയും മാത്രമാണ് ഒഴിവാക്കപ്പെട്ടത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതാണ് കാരണം.
കഴിഞ്ഞ വർഷം 81,195 കോടി അനുവദിച്ചപ്പോൾ കേരളത്തിന് 1,903 കോടി കിട്ടിയിരുന്നു. ആന്ധ്രയ്‌ക്ക് 6,106 കോടിയും. ഇതിന്റെ വിനിയോഗത്തിന്റെ വിവരങ്ങളും പുതിയ പദ്ധതികളും യഥാവിധം സമർപ്പിക്കാത്തതാണ് തടസ്സമായത്. ഇൗ വർഷം 1.3ലക്ഷം കോടിയാണ് മൊത്തം വായ്‌പ. 98,157കോടി അനുവദിച്ചു. അതിൽ 60,307കോടി കൈമാറി. മണിപ്പൂരിനും പഞ്ചാബിനും വായ്പ അനുവദിക്കുന്നതിൽ തടസ്സമുണ്ടായിരുന്നെങ്കിലും അവിടങ്ങളിലെ സർക്കാരുകൾ കേന്ദ്രവുമായി ചർച്ച നടത്തി പരിഹരിച്ചു. പദ്ധതികൾ സമർപ്പിക്കുമ്പോൾ മണിപ്പൂരിന് 759 കോടിയും പഞ്ചാബിന് 209 കോടിയും ലഭിക്കും.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡുകളുൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് കാപ്പക്സ് വായ്‌പ ഉപയോഗിക്കാനായിരുന്നു കേരളത്തിന്റെ ലക്ഷ്യം. അത് പ്രതിസന്ധിയിലായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കിഫ്ബിയിലൂടെ പുറമെ നിന്ന് വായ്പയെടുക്കുന്നതും ഒഴിവാക്കാമായിരുന്നു.

വായ്പ തടഞ്ഞതിൽ രാഷ്ട്രീയ താൽപര്യം പറയുന്നുണ്ടെങ്കിലും കേരളത്തെ പോലെ കേന്ദ്രവുമായി കലഹിച്ച് നിൽക്കുന്ന തമിഴ്നാടിന് 4,295 കോടിയും ബംഗാളിന് 7,523കോടിയും കർണാടകത്തിന് 4,175കോടിയും അനുവദിച്ചു. ബി.ജെ.പി.ഭരിക്കുന്ന ഉത്തർപ്രദേശിനാണ് കൂടുതൽ നൽകിയത് - 18,936 കോടി.

കാപ്പക്സ് വായ്പ

ആരോഗ്യം,വിദ്യാഭ്യാസം,ജലസേചനം,കുടിവെള്ളം,വൈദ്യുതി,റോഡ്,പാലം,റെയിൽവേ എന്നീ എട്ട് മേഖലകളിൽ വികസനത്തിന് 10ലക്ഷം കോടി രൂപ ചെലവാക്കുന്നതാണ് സ്പെഷ്യൽ അസിസ്റ്റന്റ്സ് ഫോർ സ്റ്റേറ്റ് ഇൻ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്‌കീം എന്ന കാപ്പക്സ്. കേന്ദ്രത്തിന്റെ പലിശയില്ലാ വായ്പയാണിത്.അൻപത് വർഷം കഴിഞ്ഞ് തിരിച്ചടച്ചാൽ മതി. കർശന മാനദണ്ഡങ്ങളോടെ, ചെലവിന്റെ കണക്ക് കൊടുക്കുന്നത് അനുസരിച്ചാണ് തുടർവായ്പകൾ കിട്ടുക.