
കോവളം: റോഡ് വികസനത്തിന്റെ പേരിൽ അധികൃതർ തഴഞ്ഞിട്ടിരുന്ന മുട്ടയ്ക്കാട് ആഴാകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി തുടങ്ങി.കഴിഞ്ഞ ദിവസം കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. എം.വിൻസെന്റ് എം.എൽ.എ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ആഴാകുളത്തെ വലിയ ഗർത്തം അടയ്ക്കാൻ നടപടി തുടങ്ങിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായി ഇതു വഴിയാണ് കൂറ്റൻ ലോറികളിൽ കല്ലുകൾ കൊണ്ടുപോകുന്നത്. റോഡിൽ വൻ കുഴികളുണ്ടായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. എന്നാൽ ഇവിടെ നിന്ന് ചിറയിൽ മുട്ടയ്ക്കാട് ജംഗ്ഷൻ വരെയുള്ള ഭാഗം ആർ.എഫ്.ബിക്ക് കൈമാറിയതിനാൽ ഉടൻ കുഴികൾ അടയ്ക്കാൻ എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കോവളം വിഴിഞ്ഞം റോഡിനെയും വെങ്ങാനൂർ പൂങ്കുളം റോഡിനെയും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന പ്രധാന റോഡാണ് റോഡ് വികസനത്തിന്റെ പേരിൽ കുണ്ടും കുഴികളുമായി കിടന്നിരുന്നത്.വെള്ളായണി കായലിനെയും രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്.2018ൽ കിഫ്ബിയുടെ സഹായത്താൽ ആഴാകുളം മുട്ടയ്ക്കാട് പനങ്ങോട്,കാട്ടുകുളം,നെല്ലിവിള,തെറ്റിവിള എന്നിവ ചേർത്ത് 7 കിലോമീറ്റർ റോഡിനെ വീതി കൂട്ടി നവീകരിക്കുന്നതിന് 33 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ പേരിൽ കിഫ്ബി റോഡിനെ തഴയുകയായിരുന്നു.