
ആറ്റിങ്ങൽ: പന്നി, കുരങ്ങ്, തെരുവുനായ്ക്കൾ എന്നിവയുടെ വിഹാര കേന്ദ്രമാണ് മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ താഴെ ഇളമ്പ ഗ്രാമം. നൂറുകണക്കിന് തെരുവുനായ്ക്കളാണ് താഴെ ഇളമ്പയും പരിസരങ്ങളിലും റോഡിന്റെ ഇരു വശങ്ങളിലായി കിടക്കുന്നത്. ഇവറ്റകൾക്ക് ഉച്ചനേരത്ത് പൗൾട്രി ഫാമിൽ നിന്നും അറവ് മാലിന്യങ്ങളുമായി വൃദ്ധയായ സുപ്രഭയെത്തും. മുദാക്കൽ ഗ്രാമ പഞ്ചായത്ത് അതിർത്തി തുടങ്ങുന്ന സ്ഥലം മുതൽ റോഡുവക്കിൽ നിരനിരയായി തെരുവുനായ്ക്കൾ കാണും. സുപ്രഭ സഞ്ചിയിൽ കൊണ്ടുവരുന്ന അറവ് മാലിന്യങ്ങൾ വഴിനീളെ നായ്ക്കൾക്ക് എറിയുന്നത് പതിവാണ്. മുടങ്ങാതെ ഭക്ഷണം ലഭിക്കുന്നതിനാൽ റോഡുവക്കിൽ ഇവറ്റകൾ കാണും. ഒറ്റനോട്ടത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണമെത്തിക്കുന്നു എന്നതൊഴിച്ചാൽ മറ്റ് പല പ്രശ്നങ്ങളും ഈവഴി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അറവ് മാലിന്യം ഇവർ വാങ്ങുമ്പോൾ ഈ തരത്തിൽ കടകളിൽ ഒരുഭാഗം മാലിന്യം നീങ്ങിക്കിട്ടും. ഇറച്ചി മാലിന്യമായതിനാൽ ഇത് കഴിക്കുന്ന തെരുവ് നായ്ക്കൾ എപ്പോഴും അക്രമകാരികളായി കാണാറുണ്ടെന്നും പരാതിയുണ്ട്. രാവിലെ റോഡിലെത്തുന്ന തെരുവുനായ്ക്കൾ കണ്ണിൽക്കാണുന്നവരെയെല്ലാം ഓടിച്ചിട്ട് കടിക്കും. അറവ് മാലിന്യത്തിന്റെ രുചിപിടിച്ച് സമീപത്തെ വളർത്തുമൃഗങ്ങളെയും ആക്രമിക്കും.
സഹികെട്ട് ജനം
നായ്ക്കൾ ഉപേക്ഷിക്കുന്ന അവശേഷിക്കുന്ന മാലിന്യങ്ങൾ കാക്കകൾ കൊത്തി പരിസരങ്ങളിലെ കിണറ്റിലിടുന്നതും പതിവായി. ഇതിനെതിരെ സഹികെട്ട നാട്ടുകാർ ഒറ്റയ്ക്കും കൂട്ടായും നിരവധി നിവേദനങ്ങൾ മുദാക്കൽ ഗ്രാമ പഞ്ചായത്തിലും ആറ്റിങ്ങൽ നഗരസഭയിലും നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. അടുത്ത ദിവസം നവകേരളയുടെ യാത്രാ സംഘത്തിൽ പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ. ആറ്റിങ്ങൽ, അവനവഞ്ചേരി, അയിലം തുടങ്ങിയ സ്ഥലങ്ങളിലെ പൗൾട്രി ഫാമുകളിൽ നിന്നാണിവർക്ക് അറവുമാലിന്യങ്ങൾ ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വരിവരിയായി കാട്ടുപന്നികൾ
ഇരുട്ടു വീണാൽ എല്ലാ വഴികളിലും പന്നികളുടെ കൂട്ടം കാണാം. നിരനിരയായി നീങ്ങുന്ന കാട്ടുപന്നികൾ ഇവിടുത്തെ കൃഷിയുടെ ചീട്ടുകീറി. ഒരു പച്ചമുളക് പോലും നടാൻ ഇവറ്റകൾ സമ്മതിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കപ്പയും വാഴയും ചേനയും ചേമ്പും എല്ലാം പന്നിക്കൂട്ടങ്ങൾ പിഴുതെറിയും. നിരന്തരം ഇത് തുടർന്നതോടെ എല്ലാ കൃഷികളും ഉപേക്ഷിച്ച് കർഷകർ പിരിഞ്ഞു. വീടുകളിലെ ലൈറ്റോ, ആൾ സഞ്ചാരമോ പന്നിക്കുട്ടങ്ങൾക്ക വിഷയമല്ല. ആക്രമണം ഭയന്ന് നാട്ടുകാർ വീട്ടിനകത്ത് ഇരിപ്പാകുന്ന അവസ്ഥ.
വിളവെടുക്കാൻ കുരങ്ങന്മാരും
മാങ്ങ, ചക്ക, പേരയ്ക്ക തുടങ്ങി മധുരമുള്ള ഫലങ്ങൾ വിളഞ്ഞു വരുമ്പോൾ കുരങ്ങുകൾ കൂട്ടത്തോടെ എത്തി വിളവെടുക്കും. ഇതൊന്നുമില്ലെങ്കിൽ വീടിന്റെ അടുക്കള കൈയേറി ഭക്ഷണവസ്തുക്കൾ തട്ടിയെടുക്കും. പാചകം ചെയ്ത് ഭക്ഷണമാണെങ്കിൽ അത് പാത്രത്തോടെയാണ് കൊണ്ടുപോകുന്നത്. ആഹാരം കിട്ടിയില്ലെങ്കിൽ പാത്രമെങ്കിലും എടുത്തുകൊണ്ടുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.