karali-

പാറശാല:രാജഭരണകാലത്ത് കുതിരവണ്ടികൾക്ക് സഞ്ചരിക്കാൻ നിർമ്മിച്ച പാതയാണ് പിൽക്കാലത്ത് പാറശാലയിൽ ദേശീയ പാതയായി മാറിയത്. എന്നാൽ ദേശീയപാതയിൽ വാഹനങ്ങൾ ഓടാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും കുതിരവണ്ടി യുഗത്തിൽ തന്നെയാണ് ഇവിടുത്തെ റോഡുകളുടെ നിലവാരം. കരമന-കളിയിക്കാവിള ദേശീയപാത വികസനം ആരംഭിച്ചിട്ട് പത്ത് വർഷത്തോളം പിന്നിടുമ്പോഴും ബാലരാമപുരം കൊടിനട വരെ മാത്രമാണ് നാലുവരിപ്പാതയായി മാറ്റാൻ കഴിഞ്ഞത്. ദേശീയപാതയിൽ പാറശാല ജംഗ്‌ഷൻ പിന്നിട്ടാൽ അതിർത്തി മേഖല വരെയുള്ള ഭാഗം വളവുകളും തിരിവുകളും നിറഞ്ഞ നിലയിലാണ്. വളവുകളിൽ കൊടുംവളവായ കാരാളി വളവാണ് ഏറെ അപകടകരം. വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് ഈ വളവ്. അപകട മേഖലയിലെ കാരാളി വളവിനെക്കുറിച്ച് തദ്ദേശീയരായ നാട്ടുകാർക്കും മറ്റും അറിയാമെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതിനായി വേണ്ട മുന്നറിപ്പുകളോ അപകട ബോർഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത് അപകടങ്ങളുടെ ആക്കം കൂട്ടുന്നു.

 ജീവനും നഷ്ടം

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇവിടെ ജീവൻ നഷ്ടമായത് മൂന്ന് പേർക്കാണ്. അതിൽ ഇവിടുത്തെ നാട്ടുകാരനുമുണ്ട്. ഒപ്പം നിരവധിപേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പാറശാല ജംഗ്‌ഷൻ പിന്നിട്ടാൽ കുത്തിറക്കവും കൊടുംവളവുമായ ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. കാരാളി വളവ് പിന്നിട്ടാൽ മറ്റൊരു അപകട മേഖലയാണ് ഇഞ്ചിവിളയിലെ വളവ്. ഇഞ്ചിവിളയിൽ കുത്തിറക്കത്തിലെ കൊടുംവളവും വർഷങ്ങളായിട്ടുതന്നെ അപകട മേഖലയാണ്. ഇവിടെ നടന്നിട്ടുള്ള അപകടങ്ങൾ കാരണവും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.

 6 മാസത്തിനുള്ളിൽ 3 മരണം

 വൺവേ സംവിധാനം വേണം

ദേശീയ പാതയിലെ ഈ മേഖലയിൽ അപകടങ്ങൾ പതിവായതോടെ വൺവേ സംവിധാനം ഒരുക്കി പാറശാല നിന്നും കളിയിക്കാവിള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെയും കളിയിക്കാവിള ഭാഗത്തു നിന്ന് പാറശാലയിലേക്ക് എത്തുന്ന വാഹനങ്ങൾ ഇഞ്ചിവിള നിന്നും ആരംഭിക്കുന്ന പഴയ രാജപാത വഴിയും തിരിച്ചുവിടണമെന്ന ആശയവുമായി നാട്ടുകാർ മുന്നോട്ട് വന്നെങ്കിലും ദേശീയപാത റോഡ് സേഫ്റ്റി അധികൃതർ ചെവിക്കൊള്ളുന്നില്ല.