hi

വെഞ്ഞാറമൂട്:കേരള മന്ത്രിസഭയെ വരവേൽക്കാൻ വാമനപുരം മണ്ഡലം ഒരുങ്ങിയതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 4 ന് വയ്യേറ്റ് മാണിക്കോട് ക്ഷേത്രത്തിനു സമീപത്തെ മൈതാനത്താണ് നവകേരള സദസ് നടക്കുക. മുപ്പത്തി അയ്യായിരത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.ആറായിരം പേർക്ക് ഇരിക്കാവുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് എത്താൻ നൂറുകണക്കിന് ബസുകളും മറ്റ് ചെറുവാഹനങ്ങളും തയ്യാറായിക്കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ 20 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. അംഗപരിമിതർക്കായി പ്രത്യേക കൗണ്ടറും സജ്ജമാണ്. നാളെ രാവിലെ 11 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും.ഉച്ചയ്ക്ക് രണ്ട് മുതൽ വേദിയിൽ കലാപരിപാടികൾ ആരംഭിക്കും.മൂന്നരയോടെ മന്ത്രിമാർ എത്തുകയും പൊതുയോഗം ആരംഭിക്കുകയും ചെയ്യും.കൃത്യം 4ന് മുഖ്യമന്ത്രി എത്തും.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡി.കെ.മുരളി എം.എൽ.എ, കൺവീനർ ഡി.എഫ്.ഒ പ്രദീപ് കുമാർ,ജോയിന്റ് കൺവീനർ നെടുമങ്ങാട് തഹസിൽദാർ സജി എസ്.ആർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജീവ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി എന്നിവർ പങ്കെടുത്തു. പാർക്കിംഗ് സൗകര്യം : നവകേരള സദസിനെത്തുന്ന വലിയ വാഹനങ്ങൾ തൈക്കാട് ബൈപ്പാസിന് ഇരുവശങ്ങളിലും, ചെറിയ വാഹനങ്ങൾ ആറ്റിങ്ങൽ റോഡിലും പാർക്ക് ചെയ്യണം.