തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ അതിഥിയായി ആൺകു‍ഞ്ഞ്.തിങ്കളാഴ്ച രാത്രി 7.45ന് ലഭിച്ച ആറുദിവസം പ്രായമുള്ള കുഞ്ഞിന് ജോനാഥൻ എന്ന് പേരിട്ടതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേൽ സാറയെ രക്ഷിക്കാൻ പൊരുതിയ സഹോദരൻ ജോനാഥൻ എന്ന പത്തുവയസുകാരനുള്ള ആദരവായാണ് കുഞ്ഞിന് ഈ പേര് നൽകിയത്.രണ്ടുമാസത്തിനിടെ തിരുവനന്തപുരത്ത് ലഭിച്ച അഞ്ചാമത്തെ കുഞ്ഞാണ് ജോനാഥൻ. അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 591-ാമത്തെ കുഞ്ഞാണ്. രണ്ടര കിലോഗ്രാം ഭാരമുണ്ട്. ആരോഗ്യവാനായ കുഞ്ഞ് തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ പരിചരണത്തിലാണ്. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.