
തിരുവനന്തപുരം: 29, 30 തീയതികളിൽ നടക്കുന്ന കെ- ടെറ്ര് പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ഇന്ന് മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാൾടിക്കറ്റും അപേക്ഷ സമർപ്പിച്ചപ്പോൾ രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുമായി എത്തണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
പിഎച്ച്.ഡി പ്രവേശന പരീക്ഷ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ പട്ടിക വിഭാഗക്കാർക്കായി സംവരണം ചെയ്ത പിഎച്ച്.ഡി സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ 20ന് രാവിലെ 10ന് നടത്തും. ഫലം 21ന് പ്രഖ്യാപിക്കും. ജനുവരി ഒന്നിനാണ് അഭിമുഖം.
പൊതുതെളിവെടുപ്പ് 27ന്
തിരുവനന്തപുരം:അടുത്ത അഞ്ചുവർഷക്കാലം കെ.എസ്.ഇ.ബി നടത്താനിരിക്കുന്ന വികസനപദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 27ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തും.ഇതിന്റെ സാമ്പത്തിക ബാദ്ധ്യത പൊതുജനങ്ങൾ ചുമക്കേണ്ടിവരുന്നത് കണക്കിലെടുത്താണിത്.കമ്മിഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ രാവിലെ 11മുതലാണ് തെളിവെടുപ്പ്. നേരിട്ട് ഹാജരായോ ഇ മെയിലായോ തപാലിലൂടെയോ അഭിപ്രായം എഴുതി നൽകാം.വീഡിയോ കോൺഫറൻസിലൂടെ തെളിവെടുപ്പിൽ പങ്കെടുക്കാനും അവസരമുണ്ട്. അതിനായി 26ന് മുമ്പ് കമ്മിഷനെ വിവരമറിയിക്കണം.കമ്മിഷന്റെ ഇ മെയിൽ : kserc@erckerala.org
അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ
തൃശൂർ: സംഗീതനാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്ഫോക്' പതിന്നാലാം പതിപ്പിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാകും. 16ന് സമാപിക്കും. തൃശൂർ സംഗീതനാടക അക്കാഡമി തിയേറ്റർ, ക്യാമ്പസ് അടക്കം വിവിധ വേദികളിലായി അരങ്ങേറും. അന്തർദ്ദേശീയ വിഭാഗത്തിൽ എട്ടും ദേശീയ വിഭാഗത്തിൽ 13ഉം നാടകാവതരണങ്ങളുണ്ടാകുമെന്ന് അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി പറഞ്ഞു.
മലയാളം വിഭാഗത്തിലും പ്രത്യേകവിഭാഗത്തിലുമായി നാലുവീതം നാടകങ്ങളുണ്ട്.
വാർത്താസമ്മേളത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ, ഫെസ്റ്റിവൽ കോ- ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവരും പങ്കെടുത്തു.