
തിരുവനന്തപുരം : കൊവിഡ് ലക്ഷണമുള്ളവരെ പരിശോധിക്കാൻ ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കും. രോഗികൾക്കും ഗർഭിണികൾക്കും ജീവനക്കാർക്കും മാസ്ക്ക് നിർബന്ധമാക്കി. മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് 1749 കൊവിഡ് കേസുകളാണുള്ളത്. തിങ്കളാഴ്ച 227 പേരാണ് പോസിറ്റീവായത്. ഈ മാസം 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
നിരീക്ഷണം ശക്തമാക്കും. ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ ചികിത്സിക്കും. ഇതിനായി നിശ്ചിത കിടക്കകൾ മാറ്റിവയ്ക്കും. ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങരുത്.
കിടക്ക, വെന്റിലേറ്റർ സജ്ജം
ഓക്‌സിജൻ സൗകര്യത്തോടെ 1957 കിടക്കകളും, 2454 ഐ.സി.യു, 937 വെന്റിലേറ്റർ കിടക്കകളും സജ്ജം
നിലവിലെ ആക്ടീവ് കേസുകളിൽ ഭൂരിപക്ഷം പേരും നേരിയ പ്രശ്നങ്ങൾ മാത്രമായതിനാൽ വീടുകളിൽ
മരണമടഞ്ഞ 10 പേരിൽ ഒരാളൊഴികെ 65 വയസ് കഴിഞ്ഞ ഹൃദ്രോഗമുള്ളവരും കാൻസർ,വൃക്ക രോഗികളും
ആലുവയിൽ കൊവിഡ് മരണം
ആലുവ: കീഴ്മാട് അഞ്ചാം വാർഡ് തോട്ടുമുഖം ശാന്തിനഗർ ദേവീകൃപ വെൺപറമ്പിൽ താമസിക്കുന്ന കോട്ടയം സ്വദേശി സൗന്ദർരാജ് (61) കൊവിഡ് ബാധിച്ചു മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കീഴ്മാട് പഞ്ചായത്ത് സ്മൃതിതീരം ശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു. ഭാര്യ: രജിത. മകൻ: ശങ്കർരാജ്.
സൗന്ദർരാജുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അറിയിച്ചു.