
നെടുമങ്ങാട്: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് കടന്നുപോകാൻ കച്ചേരിനടയിലെ നൂറ്റാണ്ട് പഴക്കമുള്ള അരയാലിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയത് വിവാദമായി. എതിർപ്പുമായി കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുത്തശ്ശി ആലിന് സംരക്ഷണം തീർത്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി.ഡബ്ലിയു.ഡി റോഡ്സ് വിഭാഗം നെടുമങ്ങാട് സെക്ഷൻ ഉദ്യോഗസ്ഥരാണ് ആലിന്റെ കൊമ്പുകൾ മുറിച്ചത്. ആർ.ഡി.ഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.കോൺഗ്രസ് പ്രവർത്തകരുടെ റോഡുപരോധം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ബാജി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ,പൂങ്കുംമൂട് അജി,നെട്ടയിൽ ഷിനു,എൻ.ഫാത്തിമ,എസ്.എ.റഹീം,കരിപ്പൂര് സതിഷ്,നെട്ടിറച്ചിറ രഘു,ഷമീർ, സജാദ്,ഹാഷിം റഷീദ്,ആദിത്യ വിജയകുമാർ,മഞ്ച വിനോദ്,ഷാഹിം,നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി സമരത്തിന് മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു,വൈസ് പ്രസിഡന്റുമാരായ സുനിലാൽ,ബി.എസ്.ബൈജു, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ, കൗൺസിലർമാരായ സുമയ്യ മനോജ്,വിനോദിനി, സംഗീത, ജനറൽ സെക്രട്ടറി പ്രസാദ് കോട്ടപ്പുറം, പ്രസിഡന്റ് വിമൽകുമാർ,ശാലിനി, ശാലു, ശക്തി,ഉദയകുമാർ, എന്നിവർ നേതൃത്വം നൽകി.
ചരിത്രസാക്ഷിയായ ആൽമരം
1912ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ചന്ത ലഹളയ്ക്കും നവോത്ഥാനകാല നായകരുടെ പ്രസംഗങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സാക്ഷിയായ ആൽമരവും രാജഭരണക്കാലത്ത് ആലിന്റെ ചോട്ടിൽ സ്ഥാപിച്ച വിളക്കുമരവും പൈതൃക സ്വത്തായി സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് മുന്നറിയിപ്പില്ലാതെ അരയാലിൻ കൊമ്പുകൾ മുറിച്ചു നീക്കിയത്. ആൽമരം മുറിക്കാൻ തീരുമാനമില്ലെന്നും യാത്രക്കാർക്ക് ഭീഷണിയായ ശിഖരങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആർ.ഡി.ഒ കെ.പി.ജയകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. മുൻ പ്രധാനമന്ത്രിമാർ വരെ ആൽമരത്തിന് മുന്നിൽ സ്റ്റേജ് കെട്ടി പ്രസംഗിച്ചിട്ടുണ്ടെന്നും ആരും അരയാൽ മരം മുറിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ആനാട് ജയൻ പറഞ്ഞു. നെടുമങ്ങാടിന്റെ മുഖമുദ്രയായ കച്ചേരിനടയിലെ ആൽമരം നശിപ്പിക്കാൻ ശ്രമിക്കുന്നത് ചരിത്ര നിഷേധമാണെന്ന് മുൻ കൗൺസിലർ കെ.ജെ.ബിനു പറഞ്ഞു.