തിരുവനന്തപുരം: ജനങ്ങൾക്കരികിലേക്ക് മന്ത്രിസഭ ഒന്നാകെയെത്തുന്ന നവകേരളസദസിനെ എതിരേൽക്കാൻ തലസ്ഥാന ജില്ല ഒരുങ്ങി. കൊല്ലം ജില്ലയിലെ സദസിന്റെ സമാപനത്തിനു ശേഷം തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്ന സദസ് 14 മണ്ഡലങ്ങളിലും പര്യടനം നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 23ന് സമാപിക്കും. ഇന്ന് വർക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കും. സദസിന് മുന്നോടിയായി വൈകിട്ട് 4ന് ലൈവ് ബാൻഡ് ഷോയും ഒരുക്കിയിട്ടുണ്ട്. തുടർന്ന് നാളെ തലസ്ഥാന ജില്ലയിലെ നവകേരള സദസിന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലെ പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ 9 ന് വർക്കല,ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള പ്രധാന വ്യക്തികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും.11ന് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ സദസിന് തുടക്കമാവും.വൈകിട്ട് 3ന് ആറ്റിങ്ങൽ മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെയും, 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിനു സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും,ആറിന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും സദസ് നടക്കും. 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭായോഗം. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

രാവിലെ 11ന് ആര്യനാട്, പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരുവിക്കര മണ്ഡലത്തിലെയും, വൈകിട്ട് 3ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കട മണ്ഡലത്തിലെയും, 04.30ന് നെയ്യാറ്റിൻകര ഡോ.ജി. രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെയും, വൈകിട്ട് 6 ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും.

23ന് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നേമം,വട്ടിയൂർക്കാവ്,കോവളം,കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രഭായോഗം നടക്കും.രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തെ ഗ്രൗണ്ടിൽ കോവളം മണ്ഡലത്തിലെയും,വൈകിട്ട് 3 ന് പൂജപ്പുര ഗ്രൗണ്ടിൽ നേമം മണ്ഡലത്തിലെയും, 04.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കഴക്കൂട്ടം മണ്ഡലത്തിലെയും,വൈകിട്ട് 6 ന് നെട്ടയം സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ തിരുവനന്തപുരം,വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെയും സദസുകൾ നടക്കും.