തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്ക് സർക്കാർ നികുതി ഏർപ്പെടുത്തണമെന്നും സ്ത്രീധന കേസുകളിൽ ഉൾപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യു.ഡി.എഫ് കൺവീനർ എം എം.ഹസൻ പറഞ്ഞു. ജനശ്രീ മിഷന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ കാമ്പെയിൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഡംബര വിവാഹങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് വിവാഹാവശ്യത്തിന് നൽകണം. സ്ത്രീധന കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി,മത വ്യത്യാസമില്ലാതെയുള്ള സ്ത്രീധന പ്രവണത അവസാനിപ്പിക്കാൻ യുവജന സംഘടനകൾ മുന്നിട്ടിറങ്ങണം. മെഡിക്കൽ കോളേജിലെ ഡോ.ഷഹനയുടെ മരണത്തിൽ അന്വേഷണച്ചുമതല മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് നൽകി ഉത്തരവാദികൾക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജനശ്രീ സംസ്ഥാന സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ,ഐ.എം.എ പ്രതിനിധി ഡോ.ആരിഫ,ജനശ്രീ ജില്ലാ സെക്രട്ടറി വട്ടപ്പാറ അനിൽ തുടങ്ങിയവർ പങ്കെടുത്തു.