
തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മൂന്നിടത്ത് തന്നെ കരിങ്കൊടി കാട്ടുകയും കാർ തടഞ്ഞ് അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം ഇതുവരെ രാജ്ഭവനിൽ എത്തിച്ചില്ല. ചീഫ്സെക്രട്ടറിയോടും ഡിജിപിയോടുമാണ് ഗവർണർ വിശദീകരണം തേടിയിരുന്നത്. ഇരുവരും രാജ്ഭവനിലെത്തി ഗവർണറെ കാണുമെന്നാണ് സൂചന. അതിനിടെ, ഗവർണർക്ക് നേരേയുണ്ടായ പ്രതിഷേധം തടയുന്നതിൽ പൊലീസ് ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നുള്ള റിപ്പോർട്ട് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ചീഫ്സെക്രട്ടറി ഡോ.വി.വേണുവിന് കൈമാറി. ജനക്കൂട്ടത്തിൽ നിന്ന് പ്രതിഷേധക്കാർ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിലടക്കം വീഴ്ചയുണ്ടായിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണർ, കന്റോൺമെന്റ് എ.സി.പി, എസ്.ഐമാർ എന്നിവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർക്കെതിരേ നടപടിയെടുത്തിട്ടില്ല. പ്രതിഷേധം നടത്തിയ 7എസ്.എഫ്.ഐക്കാർ റിമാൻഡിലാണ്. ഗവർണറെ തടഞ്ഞതിന് 7വർഷം ശിക്ഷ കിട്ടാവുന്ന ഐ.പി.സി 124 ചുമത്തിയെന്നും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.