തിരുവനന്തപുരം: വാക്കുകളെ നമുക്ക് തൊടാനാകില്ലെങ്കിലും വാക്കുകൾക്ക് നമ്മെ സ്‌പർശിക്കാനാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ.ബീനയുടെ എഴുത്തിന്റെ 45 വർഷത്തിന്റെ ആഘോഷമായ ' ബീന കണ്ട ലോകത്തിന്റെ' ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ചില കൃതികൾ വായിക്കുമ്പോൾ എന്താണ് എഴുതിയിട്ടുള്ളതെന്ന് മനസിലാക്കാൻ മറ്റൊരു കൃതി കൂടി വായിക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും എന്നാൽ ബീനയുടെ എഴുത്തുകൾ ലളിതമായി ആർക്കും മനസിലാക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.ബീനയുടെ 'ഓ മിഹ്‌റിൻ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം എം.സ്വരാജ് നിർവഹിച്ചു. എഴുത്തുകാരൻ പ്രദീപ് പനങ്ങാട് അദ്ധ്യക്ഷനായി. ഭാരത് ഭവന്റെ ഉപഹാരം പ്രൊഫ.എം.അലിയാർ കെ.എ.ബീനയ്‌ക്ക് സമ്മാനിച്ചു. എഴുത്തെന്നത് തന്റെ ജീവൻ നിലനിറുത്തുന്ന ഒരു ഘടകമാണെന്ന് കെ.എ.ബീന മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളായ എഴുത്തുകാർ കുറച്ചുസമയമാണ് എഴുത്തിനായി വിനിയോഗിക്കുന്നതെന്നും നമ്മുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ അതിൽ വാടിവീണാൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നതാണ് കുട്ടികളോട് തനിക്ക് പറയാനുള്ളതെന്നും ബീന പറഞ്ഞു. എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ,പാർവതി ദേവി,എസ്.എസ്.ലാൽ,വരുൺ രമേശ്,രാജേഷ് ചിറപ്പാട്,അനീസ എന്നിവർ സംസാരിച്ചു.