
തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിൽ കേരളകൗമുദി ചാമ്പ്യന്മാരായി.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ അഞ്ചു ഗോളുകൾക്ക് അമൃത ടി.വി ടീമിനെ പരാജയപ്പെടുത്തിയാണ് കേരളകൗമുദി കപ്പുയർത്തിയത്. കളിയിൽ ഉടനീളം മേധാവിത്വം പുലർത്തിയ കേരളകൗമുദി ടീം ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ നാലു ഗോളുകളും നേടി. ജയകുമാർ (2),അനീഷ് എസ്.എസ് (2),അമൽ (1) എന്നിവരാണ് അമൃതയുടെ ഗോൾ വല ചലിപ്പിച്ചത്. സമാപന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ ഐ.എം.വിജയൻ,ജോപ്പോൾ അഞ്ചേരി എന്നിവരിൽ നിന്നും ചാമ്പ്യൻസ് ട്രോഫി കേരളകൗമുദി ടീം ക്യാപ്റ്റൻ കോവളം സതീഷ്‌കുമാർ ഏറ്റുവാങ്ങി.റണ്ണേഴ്സ് അപ്പ് ട്രോഫി എ.വി.മുസാഫിർ സ്വീകരിച്ചു.കേരളകൗമുദിയിലെ അരിവിന്ദ്.എസ്.ജിയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. അനന്തു (അമൃത ടി.വി) ടോപ്പ് സ്കോററും ഗോകുൽ.എസ് മികച്ച ഗോളിയുമായി.
സമാപന സമ്മേളനത്തിൽ മുൻ മന്ത്രി എം.വിജയകുമാർ,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ.സഹദുള്ള എന്നിവർ മറ്ര് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിനു മുമ്പ് , പ്രസ് ക്ലബിന്റെ കായിക കൂട്ടായ്മകൾക്ക് കരുത്ത് പകർന്ന എം.വി.പ്രദീപിനെ അനുസ്മരിച്ചു.ദേശാഭിമാനി ബ്യൂറോ ചീഫ് ദിനേശ് വർമ്മ അനുസ്മരണ പ്രസംഗം നടത്തി.പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ.സാനു സ്വാഗതം പറഞ്ഞു.