
തിരുവനന്തപുരം : കേരളത്തിലെ നിയമ വിദ്യാഭ്യാസത്തിന് നിരവധി സംഭാവനകൾ നൽകിയ തിരുവനന്തപുരം ഗവ.ലാ കോളേജ് മുൻ പ്രിൻസിപ്പൽ കവടിയാർ അമ്പലനഗർ ശ്രീവത്സത്തിൽ പ്രൊഫ.വി.വിജയബാലൻ (82) അന്തരിച്ചു. പി.എസ്.സി അംഗമായും കേരള സ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ശ്യാമള. മക്കൾ: മായാ ഭരതൻ (കൃഷി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരി) ലക്ഷ്മി വിജയബാലൻ (കാനഡയിലെ മൾട്ടി നാഷണൽ ബാങ്ക് ഉദ്യോഗസ്ഥ). മരുമക്കൾ ഭരതൻ (ബാംഗ്ലൂരിലെ എൻവെഞ്ചർ വൈസ് പ്രസിഡന്റ്) ഡോ.ടോണി ജോർജ്ജ് (ജിണ്ടാൽ ലാ യുണിവേഴ്സിറ്റി പ്രൊഫസർ) സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച.
കൊല്ലം പ്രാക്കുളത്ത് നീരാവിൽ വേലു മുതലാളിയുടെയും കമലാക്ഷി അമ്മയുടെയും മകനായ വി.വിജയബാലൻ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തബിരുദവും നേടി. 1967ൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ലക്ചററായി, 1972ൽ പ്രൊഫസറായി. 1984ൽ ലാ കോളേജ് പ്രിൻസിപ്പലായി. അന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലാ കോളേജ് പ്രിൻസിപ്പലായിരുന്നു അദ്ദേഹം. 1994ൽ പി.എസ്.സി അംഗമായി. 2000ൽ കേരളസ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാനായി എട്ടു വർഷം പ്രവർത്തിച്ചു.സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയിലും 2021ൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറങ്ങിയ നിയമ വിജ്ഞാനകോശത്തിന്റെ നിയമവിദഗ്ദ്ധനായും പ്രവർത്തിച്ചു.വിരമിച്ചതിന് ശേഷം സത്യസായ് വേൾഡ് ഓർഗനൈസേഷന്റെ ജില്ലാ ചുമതല വഹിച്ചു.