
തിരുവനന്തപുരം: ക്രിസ്മസ് റേഷൻ മുടങ്ങാതിരിക്കാനും ക്രിസ്മസ് ചന്തകൾക്കുമായി സർക്കാർ 386.23 കോടി രൂപ അനുവദിച്ചു. ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയ്ക്ക് 900 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
സൗജന്യറേഷൻ കടത്തുകൂലി കേന്ദ്രസർക്കാരിൽ നിന്ന് കഴിഞ്ഞ ഒൻപത് മാസമായി കിട്ടുന്നില്ല. ഇതുമൂലം റേഷൻ വിതരണം മുടങ്ങാതിരിക്കാനാണ് അനുവദിച്ചതിൽ 185.64 കോടി വിനിയോഗിക്കുക. ചരക്കുകടത്ത് കരാറുകാർക്ക് സപ്ളൈകോ നൽകാനുള്ള 116.34 കോടിയും മുൻഗണനേതര വിഭാഗങ്ങൾക്ക് സൗജന്യറേഷന് സംസ്ഥാന വിഹിതമായ 69.29കോടിയും കുടിശ്ശികയുണ്ടായിരുന്ന 13.62കോടിയും നൽകും.
ക്രിസ്മസിന് സപ്ളൈകോയ്ക്ക് സബ്സിഡി നൽകാൻ 17.63 കോടിയും കൺസ്യൂമർ ഫെഡിന്റെ ക്രിസ്മസ് ചന്തകൾക്ക് മുൻകൂറായി 1.34 കോടിയും ചേർത്താണ് 386.23 കോടിയാകുന്നത്.
62 ലക്ഷം പേർക്ക് 1600 രൂപ വീതം ക്ഷേമപെൻഷനും 1.52 കോടിപ്പേർക്ക് സൗജന്യറേഷനും 90 ലക്ഷം കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ സാധനങ്ങളും കിട്ടും.