
തിരുവനന്തപുരം: സർവ്വകലാശാലകളുടെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കണമെന്നാണ് താൻ പറഞ്ഞതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കിൽ അതിനെ ശക്തമായി വിമർശിക്കുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
തന്നെ സംഘപരിവാർ ചാപ്പഹകുത്താൻ നടത്തുന്ന ശ്രമത്തെ പുച്ഛത്തോടെ തള്ളിക്കളയുകയാണ്. സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തന്റെ ശൈലിയല്ല, സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണറെ ഒരു കാലത്തും കോൺഗ്രസ് പിന്തുണച്ചിട്ടില്ല. പരാജയപ്പെട്ട നവ കേരള സദസിന്റെ ജാള്യത മറയ്ക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോൾ തന്നെ കരുവാക്കി നടത്തുന്നതെന്നും അത് വിലപ്പോകില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്നും അവർ ജനാധിപത്യത്തിന്റെ ഭാഗമായ പാർട്ടിയാണെന്നും സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് വിശദീകരണം.
പിണറായി, ഗവർണർ നാടകം പരിഹാസ്യം: എം.എം. ഹസൻ
പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള ചവിട്ടു നാടകവും, ഗവർണറുടെ തെരുവു നാടകവും പരിഹാസ്യമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണറെ തിരിച്ചു വിളിക്കാൻ നിയമസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയത്തെ സംഘപരിവാർ താൽപര്യം മുൻ നിറുത്തി എതിർത്ത പിണറായി കണ്ണൂർ സർവ്വകലാശാലാ സിലബസ്സിൽ ആർ.എസ്.എസ് അജണ്ടയ്ക്ക് അനുസൃതമായ പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ തയ്യാറായി.സംസ്ഥാനത്ത് കേന്ദ്ര ഭരണം വന്നാൽ കുടുംബ സമേതം സി.ബി.ഐ, ഇ.ഡി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുമെന്നുള്ള പിണറായി വിജയന്റെ ഭയം മനസ്സിലായ സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡ് ഷോകൾ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് നിയോജമണ്ഡലം ചെയർമാൻ ടി. ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, എം.വിൻസെന്റ് എം.എൽ.എ, പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, ജി. സുബോധൻ, ശരത് ചന്ദ്ര പ്രസാദ്,ജി. എസ്. ബാബു, എം. പി. സാജു, മണക്കാട് സുരേഷ്, ഇറവൂർ പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഗവർണറും മുഖ്യമന്ത്രിയും തെരുവു യുദ്ധം നിറുത്തണം: മുല്ലപ്പള്ളി
ഗവർണറും മുഖ്യമന്ത്രിയും തെരുവു യുദ്ധം നിറുത്തണമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. അരാജക വാഴ്ച അരങ്ങു തകർക്കുന്ന കാഴ്ചയാണ് കേരളത്തിൽ അനുദിനം കണ്ടു കൊണ്ടിരിക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ ചിലപ്പോഴൊക്ക ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകാറുണ്ടെങ്കിലും കേരളത്തിൽ സമീപ ദിവസങ്ങളിൽ കണ്ടതു പോലെ തരം താണ തെരുവു യുദ്ധങ്ങളിലേക്ക് അവ വഴുതി പോകാറില്ലായിരുന്നു. ജനാധിപത്യ സംവിധാനത്തിന് അവഹേളനം വരുത്തിയ സംഭവങ്ങൾക്ക് ഗവർണറും മുഖ്യമന്ത്രിയും തുല്യ ഉത്തരവാദികളാണ്.സംസ്ഥാനത്ത് നിയമ സമാധാന വാഴ്ച ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി എസ്.എഫ്.ഐക്കാരെ കയറൂരി വിട്ടു കൊണ്ട് സമാധാന ജീവിതത്തിന് ഭീഷണിയുയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പക്വത കാട്ടേണ്ടിയിരുന്നു: സ്പീക്കർ
ഗവർണർ - എസ്.എഫ്.ഐ തർക്കം തെരുവുയുദ്ധമായത് ഉചിതമായില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വിദ്യാർത്ഥികൾ അവരുടെ പ്രശ്നങ്ങളിൽ പ്രതിഷേധിക്കുക സ്വാഭാവികമാണ്. എന്നാൽ പൊതുരംഗത്ത് അരനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ഗവർണർ പക്വത കാട്ടേണ്ടിയിരുന്നു. ഈ വിഷയത്തിൽ സർക്കാർ കക്ഷിയല്ല. എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയായതിനാൽ പാർട്ടിയും ഇടപെടേണ്ടതില്ലെന്ന് സ്പീക്കർ കളമശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.