വിഴിഞ്ഞം: ടിപ്പർ ഇടിച്ച് ലോറിക്കടിയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികയായ അദ്ധ്യാപികയുടെ വലതുകാൽ മുറിച്ചു മാറ്റി. ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു അപകടം. വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി രാഗത്തിൽ നെയ്യാറ്റിൻകര ആർ.ടി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ചിത്തിന്റെ ഭാര്യ സന്ധ്യറാണിയുടെ (37) കാലാണ് മുറിച്ച് മാറ്റിയത്.
അഞ്ചുവയസുകാരനായ മകൻ റിയോയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം.ഇവർ സഞ്ചരിച്ച അതേ ദിശയിൽ നിന്ന് വന്ന ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് ലോറിക്കടിയിലേക്ക് വീണാണ് അപകടമെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. സന്ധ്യയുടെ വലതുകാലിലൂടെ ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. മറുവശത്തേക്ക് തെറിച്ചു വീണതിനാൽ മകൻ റിയോ (5) പരിക്കില്ലാതെ രക്ഷപ്പെട്ടു. അന്തരികാവയവങ്ങൾക്കുൾപ്പെടെ സാരമായി പരിക്കേറ്റ യുവതിയെ ഇന്നലെ രാത്രിയോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ്. അപകടത്തിനിടയാക്കിയ ലോറി വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.