
തിരുവനന്തപുരം: ജല അതോറിട്ടി ഡയറക്ടർ ബോർഡ്യോഗം പെൻഷൻകാരുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. യോഗം തുടങ്ങിയതിനു പിന്നാലെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ഹാളിന് മുന്നിലെത്തി. ബഹളം കാരണം യോഗം മുന്നോട്ടുപോകാൻ കഴിയാതെ വന്നതോടെ ചെയർമാൻ അശോക്കുമാർ സിംഗ് ഇറങ്ങിപ്പോയി.
പെൻഷൻ പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് അതോറിട്ടി ആസ്ഥാനത്തിനു മുന്നിൽ 44 ദിവസമായി സംഘടനകളുടെ സമരം നടക്കുന്നുണ്ട്. അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൂന്ന് മാസമായി ഡയറക്ടർ ബോർഡ് യോഗം ചേരാറില്ലായിരുന്നു. ബോർഡ് അംഗങ്ങളുടേതടക്കം ആവശ്യത്തെ തുടർന്നാണ് യോഗം വിളിച്ചത്. പരിഷ്കരണം നടപ്പാക്കണമെന്ന് ബോർഡ് തീരുമാനിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
27ന് എ.ഐ.വൈ.എഫ് രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം: ഗവർണറുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് 27ന് രാജ്ഭവനിലേക്ക് യുവജന മാർച്ച് നടത്തുമെന്നും പ്രതീകാത്മകമായി ഭരണഘടന ഗവർണർക്ക് കൈമാറുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. ഗവർണറെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്ന് ഒരു ലക്ഷം ഇ മെയിൽ അയയ്ക്കുന്ന ക്യാമ്പെയിൻ സംഘടിപ്പിക്കും. ഗവർണർക്കെതിരെ ഇടതുപക്ഷ യുവജന സംഘടനകൾ യോജിച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, ജില്ലാപ്രസിഡന്റ് ആദർശ് കൃഷ്ണ, ജില്ലാ സെക്രട്ടറി ആർ.എസ്. ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ പോരാട്ടമാണ് ഗവർണർ ഉദ്ദേശിക്കുന്നതെങ്കിൽ, സ്ഥാനം രാജിവച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കണമെന്നും ജിസ്മോൻ പറഞ്ഞു.