
വർഷാന്ത്യം പടിയിറങ്ങുമ്പോൾ മലയാള സിനിമയ്ക്ക് കനത്ത നഷ്ടങ്ങൾ. അഞ്ച് സൂപ്പർ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്. എന്നാൽ, താരരാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഭാവം മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ്. 2022ലെ പോലെ 2023ലും മമ്മൂട്ടി ആധിപത്യം തുടർന്ന വർഷമാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് 100 കോടിയുടെ ബിസിനസ്സാണ് കൊയ്തെടുത്തത്.
വർഷാവസാനത്തിൽ റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം നേര് മോഹൻലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റായി മാറുകയാണ്. അതേസമയം, പോയ വർഷം മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തിരിച്ചടി നേരിട്ടിരുന്നു.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ൽ റിലീസ് ചെയ്തെത്. നിർമ്മാതാവിന് മുടക്കുമുതൽ ലഭിച്ചത് 13 സിനിമകൾ മാത്രം. ആകെ നഷ്ടം 300 കോടിരൂപ. നിർമ്മാതാവിനെ കടക്കെണിയിലാക്കിയ ചിത്രങ്ങളും ഒരു ഷോയിൽ പ്രദർശനം അവസാനിപ്പിച്ചതും പോസ്റ്ററൊട്ടിച്ചതിന്റെ പൈസ പോലും ലഭിക്കാത്തുമായ സിനിമകൾ വരെയുണ്ട്.
ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വർഗീസ് രാജിന്റെ കണ്ണൂർ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആർഡി എക്സ്, ജിതു മാധവന്റെ രോമാഞ്ചം, ജീത്തു ജോസഫിന്റെ നേര് എന്നിവയാണ് സൂപ്പർ ഹിറ്റുകൾ. അതേസമയം, പുലിമുരുകനും ലൂസിഫറും സ്ഥാപിച്ച ബോക്സ് ഓഫീസ് റെക്കാർഡുകൾ 2018 പിഴുതെറിഞ്ഞു. നൻപകൽ നേരത്ത് മയക്കം, നെയ്മർ, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതൽ, മധുര മനോഹരമോഹം എന്നിവയാണ് ഹിറ്റുകൾ.
ഡിസംബർ 29ന് നരേൻ, മീര ജാസ്മിൻ ചിത്രം ക്യൂൻ എലിസബത്ത് റിലീസ് ചെയ്യുന്നുണ്ട്. ഏറ്രവും കൂടുതൽ നവാഗത സംവിധായകർ മാറ്റുരച്ച വർഷമാണ് പടിയിറങ്ങുന്നത്.
തമിഴ് സിനിമകൾ മലയാളത്തിൽ വൻ ബിസിനസ് നടത്തിയ വർഷം കൂടിയാണ്. രജനികാന്തിന്റെ ജയിലർ, വിജയ്‌യുടെ ലിയോ എസ്.ജെ സൂര്യ വിശാൽ ചിത്രം ജിഗർതാണ്ടാ ഡബിൾ എക്സ്, ഷാരൂഖ് ഖാൻ ചിത്രങ്ങളായ ജവാൻ, പത്താൻ എന്നിവ മികച്ച കളക്ഷൻ നേടി. കേരളത്തിൽ നിന്ന് ജയിലർ 50 കോടി രൂപ ഷെയറാണ് നേടിയത്. മോഹൻലാലിന്റെ അതിഥി വേഷമാണ് കേരളത്തിൽ ജയലറിന് വൻ സ്വീകര്യത നേടിയതിനുള്ള മറ്റൊരു കാരണം. പ്രഭാസ് - പ്രശാന്ത് നീൽ- പൃഥ്വിരാജ് ചിത്രം സലാർ കേരളത്തിലും വിജയം നേടുന്ന കാഴ്ചയാണ്. ഇനി, പുതുവർഷത്തിലാണ് മലയാള സിനിമയുടെ കണ്ണ്.