തിരുവനന്തപുരം: 'കണ്ണാളനേ....' ബോംബെ എന്ന ചിത്രത്തിലെ അനശ്വര ഗാനം കേരളത്തിന്റെ വാനമ്പാടിയായ കെ.എസ്.ചിത്ര പാടിയപ്പോൾ സദസ് നൽകിയത് നിറ കൈയടി. പ്രായം ചെല്ലുന്തോറും മാധുര്യം കൂടുന്ന ശബ്ദകോകിലം തലസ്ഥാനത്തെ ആകെ സംഗീത ലഹരിയിലാഴ്‌ത്തി. കേരളകൗമുദിയും കൗമുദി ടി.വിയും ചേർന്ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'കൗമുദി ചൈത്രനിലാവ്' എന്ന പരിപാടിയാണ് സംഗീതവിരുന്നിന് വേദിയായത്. സംഗീതത്തിൽ അമ്മയ്ക്ക് തുല്യം കാണുന്ന എസ്.ജാനകി ആലപിച്ച പകൽകിനാവ് എന്ന ചിത്രത്തിലെ
'കേശാദി പാദം തൊഴുന്നേൻ..' എന്ന ഗാനമാണ് ചിത്ര ആദ്യം ആലപിച്ചത്.സദസ് ഭക്തിയുടെ പരകോടിയിലെത്തിയ നിമിഷമായിരുന്നു അത്. 'ധനം' എന്ന ചിത്രത്തിലെ 'ചീരപ്പൂവുകൾ...' എന്ന ഗാനവും സദസ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നണി ഗായകനായ അഫ്സൽ 'ഇളയനിലാ...' എന്ന ഗാനവുമായി വേദിയിലെത്തിയപ്പോൾ കുഞ്ഞുനാളിൽ അഫ്സലിനെ കണ്ട ഓർമ്മകളും ചിത്ര പങ്കുവച്ചു. ചിത്രയ്ക്കൊപ്പം 'ഗുരുവായൂരപ്പാ..' എന്ന തമിഴ് ഗാനവും,അനശ്വരം എന്ന ചിത്രത്തിലെ 'താരാപഥം ചേതോഹരം' എന്ന ഗാനവും അഫ്സൽ ആലപിച്ചു. കല്യാണരാമനിലെ 'കൈ തുടി താളം തട്ടി', ഹണി ബീയിലെ 'ജില്ലം ജില്ലം' എന്നീ ഗാനങ്ങളും സദസിനെ ഇളക്കിമറിച്ചു. നിഷാദ്, അനാമിക എന്നീ ഗായകരുടെ 'കണ്ടു കണ്ടു കൊതി...', ' പുഴയോരത്ത്..', 'ജിയാ ജലേ...' , 'എല്ലാരും ചൊല്ലണ്' , 'രാജഹംസമേ', 'കറുത്തപെണ്ണേ' എന്നീ ഗാനങ്ങളും ശ്രദ്ധപിടിച്ചുപറ്റി.
പൂവണിഞ്ഞ മോഹം
'ചിത്രച്ചേച്ചിയെ നേരിൽ കാണണമെന്ന് കുഞ്ഞുനാളിൽ മോഹിച്ചിരുന്നു. ഇന്ന് ഒരുമിച്ച് പാടാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു..' ചിത്രയ്ക്കൊപ്പം ' ഉന്നോട് വാഴാത വാഴ്‌വെന്ന വാഴ്‌വ്...' എന്ന ഗാനം പാടുന്നതിന് മുമ്പ് വിസിൽ എം.ഡി ദിവ്യ.എസ്.അയ്യർ പറഞ്ഞു. ചിത്രയെ ആദ്യമായി പാടിപ്പിച്ച സംഗീത സംവിധായകൻ ഒ.വി.റാഫേൽ പന്ത്രണ്ടുകാരിയായ ചിത്രയുടെ ശബ്ദമാധുര്യത്തെക്കുറിച്ച് വാചാലനായി. അന്ന് പാടിയ 'ജ്യോതിസേ' എന്ന ഗാനം ഒരുവട്ടം കൂടി ചിത്ര ആലപിച്ചു. സുഹൃത്തുക്കളും പിന്നണി ഗായകരുമായ ഭാവനാ രാധാകൃഷ്ണൻ, അരുന്ധതി എന്നിവരും വാനമ്പാടിക്കൊപ്പം പാട്ടുകൾ പാടി. വിനയമാണ് ചിത്രയുടെ മുഖമുദ്രയെന്ന് അവർ പറഞ്ഞു.
താരമായി വേദൂട്ടൻ
സമൂഹമാദ്ധ്യമത്തിലെ വയറൽ പാട്ടുകാരനായ നാലുവയസുകാരൻ വേദൂട്ടൻ ആയിരുന്നു ചൈത്രനിലാവിലെ താരം. അമ്മയുടെ ഒക്കത്തിരുന്ന് വേദൂട്ടൻ 'ആലായാൽ തറ വേണം' എന്ന പാട്ടു പാടിയപ്പോൾ കെ.എസ്.ചിത്രയും മതിമറന്ന് കൈയടിച്ചു. കൗമുദി ടി.വിയിലെ അക്കൗണ്ടന്റ് ശ്രീവിശാഖ് താൻ വരച്ച കെ.എസ്.ചിത്രയുടെ ചിത്രം നേരിട്ടു ചിത്രയ്ക്ക് സമ്മാനിച്ചു.