
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി ആരംഭിക്കാത്തതിനെ തുടർന്ന് വാർഡ് മെമ്പർ പൈവേലിക്കോണം ബിജു നാവായിക്കുളം എ.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ട്രഷറി നിയന്ത്രണം മൂലം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ കഴിയാത്തതിനാലാണ് കോൺട്രാക്ടർമാർ പണി നിറുത്തിവച്ചത്. വാർഡ് പരിധിയിലുള്ള മൂന്ന് റോഡുകളുടെ വർക്കുകളാണ് മുടങ്ങിയത്. തുടർന്നാണ് വാർഡ് മെമ്പർ പ്രതിഷേധിച്ചത്. രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം പത്ത് ദിവസത്തിനകം വാർഡിലെ റോഡുകളുടെ പണി പൂർത്തിയാക്കാമെന്ന കോൺട്രാക്ടർമാരുടെയും, എ.ഇയുടെയും ഉറപ്പിന്മേൽ വൈകിട്ട് 5ഓടെ അവസാനിച്ചു.