photo

തിരുവനന്തപുരം: സിനിമാസംഗീത ജീവിതത്തിൽ താൻ ആദ്യപടി വച്ചത് ഒ.വി. റാഫേൽ സാറിലൂടെയാണെന്ന് ഗായിക കെ.എസ്.ചിത്ര. സംഗീതസംവിധായകൻ ഒ.വി.റാഫേലിന്റെ ആത്മകഥയായ ദീപമേ... ശാശ്വതദീപമേ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗുരുവിന്റെ ആത്മകഥ പ്രകാശനം ചെയ്യാനുള്ള നിയോഗം ലഭിച്ചത് ഭാഗ്യമാണെന്നും ചിത്ര പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ആത്മകഥയുടെ ആദ്യപ്രതി ലത്തീൻ കത്തോലിക്ക സഭ പുനലൂർ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഏറ്റുവാങ്ങി. സൂര്യകൃഷ്‌ണമൂർത്തി,​ സംവിധായകൻ ടി.കെ. രാജീവ് കുമാർ,​ കാവാലം ശ്രീകുമാർ,​ രാജീവ് ഒ.എൻ.വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഐറിസ് കൊയ്‌ലിയോ പുസ്തകം പരിചയപ്പെടുത്തി. ഒ.വി റാഫേൽ മറുപടി പറഞ്ഞു. ഒ.വി. ആറിന്റെ മകനും സംഗീതസംവിധായകനുമായ റോണി റാഫേൽ കെ.എസ്. ചിത്രയെ പൊന്നാടയണിയിച്ചു. ഒ.വി. റാഫേലിന്റെ സംഗീതസംവിധാനത്തിൽ 12-ാം വയസിൽ താൻ പാടിയ ജ്യോതിസേ ദിവ്യജ്യോതിസേ എന്ന ഗാനത്തിന്റെ പല്ലവി ആലപിച്ച ചിത്ര ചടങ്ങിൽ കേക്ക് മുറിച്ച് ഗുരുവിന് നൽകി. ഫാ.ഷാജികുമാർ സ്വാഗതവും റോണി റാഫേൽ നന്ദിയും പറഞ്ഞു.