
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-ാം ദേശീയ സമ്മേളനമായ 'തരംഗ്" 26 മുതൽ 28 വരെ കോവളം കെ.ടി.ഡി.സി സമുദ്ര, ഉദയ സമുദ്ര എന്നിവടങ്ങളിലായി നടക്കും. 'സയിന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ" എന്നതാണ് അയ്യായിരം ഡോക്ടർമാർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ തീം. പൊതുസമ്മേളനം 27ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്നുരാവിലെ നടക്കുന്ന അക്കാഡമിക് സെഷൻ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ മാനിഫെസ്റ്റോ സെമിനാർ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഡിക്ലറേഷൻ എന്ന മാനിഫെസ്റ്റോ പുറത്തിറക്കും. 28ന് രാവിലെ 11ന് സമ്മേളനത്തിൽ മലയാളിയായ ഡോ. ആർ.വി. അശോകൻ ദേശീയ പ്രസിഡന്റായി സ്ഥാനമേൽക്കും. കേന്ദ്ര മന്ത്രി മൻസുക്യ മാൻഡവ്യ , കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. 28ന് വൈകിട്ട് സമ്മേളനം സമാപിക്കുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീജിത് എൻ. കുമാർ, സെക്രട്ടറി ഡോ.എൻ. സുൽഫി നൂഹു തുടങ്ങിയവർ
വാർത്താസമ്മേളനത്തിൽ അറിയിച്ചു.